ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, ഉറക്കെ പ്രഖ്യാപിച്ച് യുഎസ് സ്ഥാനപതി സെർജിയോ ഗോർ, യാത്രാ വിലക്കുകൾ പുനഃപരിശോധിക്കുമെന്ന് സൂചന

ശ്രീനഗർ: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ദീർഘകാല നിലപാടിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് യുഎസ് സ്ഥാനപതി സെർജിയോ ഗോർ. തന്റെ ആദ്യ ശ്രീനഗർ സന്ദർശനവേളയിലാണ് കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെ “ഇന്ത്യയുടെ പ്രധാനപ്പെട്ട ഭാഗം” എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും പഹൽഗാം ഭീകരാക്രമണത്തിനും ശേഷം ഒരു അമേരിക്കൻ സ്ഥാനപതി ജമ്മു കശ്മീരിൽ നടത്തുന്ന ആദ്യത്തെ തനത് സന്ദർശനമാണിത്. മുഖ്യമന്ത്രി ഉമർ അബ്ദുള്ളയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

“ഇവിടെ വരാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഇത് ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ആദ്യമായാണ് ഞാൻ ഇവിടെ സന്ദർശനം നടത്തുന്നത്. അതിമനോഹരമായ ഒരു സ്ഥലമാണിത്. ഇവിടെ വരാൻ കഴിഞ്ഞതിലും ഈ സ്ഥലം നേരിട്ട് കാണാൻ സാധിച്ചതിലും ഞാൻ ആവേശഭരിതനാണ്,” സെർജിയോ ഗോർ പറഞ്ഞു. മേഖലയിൽ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് തുടർച്ചയായി ഉണ്ടാകുന്ന കടന്നുകയറ്റ ശ്രമങ്ങൾക്കിടയിൽ, ജമ്മു കശ്മീർ ഇന്ത്യയുടെ പരമാധികാര പരിധിയിൽപെട്ട അവിഭാജ്യ ഘടകമാണെന്ന ഭാരതത്തിന്റെ ഔദ്യോഗിക നിലപാടിന് വലിയ ഊർജ്ജം പകരുന്നതാണ് സ്ഥാനപതിയുടെ ഈ പരാമർശം.

യാത്രാ വിലക്ക് പുനഃപരിശോധിക്കുമെന്ന് സൂചന

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന സ്ഥാനപതി, ജമ്മു കശ്മീരിലേക്കുള്ള ഉയർന്ന യാത്രാ മുന്നറിയിപ്പ് ലെവൽ കുറയ്ക്കുന്ന കാര്യം അമേരിക്ക പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കി. നിലവിൽ ഭീകരവാദ ഭീഷണികൾ ചൂണ്ടിക്കാട്ടി ജമ്മു കശ്മീരിലേക്ക് ലെവൽ 4 “യാത്ര ചെയ്യരുത്” എന്ന കർശന മുന്നറിയിപ്പാണ് അമേരിക്കൻ പൗരന്മാർക്ക് നൽകിയിട്ടുള്ളത്. ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് പരിഗണനയിലാണെന്ന് സെർജിയോ ഗോർ വ്യക്തമാക്കി. “യുഎസ് ശുപാർശ ചെയ്യുന്ന ഈ യാത്രാ വിലക്ക് പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന് ഞങ്ങൾ പരിശോധിക്കും.

ഈ മേഖല കൂടുതൽ സുരക്ഷിതമാക്കാൻ ഇവിടുത്തെ ഭരണകൂടം അഭിനന്ദനാർഹമായ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ധാരാളം അമേരിക്കക്കാർക്ക് ഇവിടെ വരാനും കശ്മീരിന്റെ സൗന്ദര്യവും സാധ്യതകളും അനുഭവിച്ചറിയാനും സാധിക്കുമെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. സെർജിയോ ഗോറിന്റെ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പ്, മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി അമേരിക്കയുടെ കർശനമായ യാത്രാ വിലക്ക് പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. താഴ്‌വരയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ഉപജീവനത്തിനായി ടൂറിസത്തെയാണ് ആശ്രയിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. യുഎസ് ഈ യാത്രാ വിലക്കിൽ ഇളവ് വരുത്തിയാൽ അത് അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ മുന്നിൽ കശ്മീരിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സഹായിക്കും. ഉ

മർ അബ്ദുള്ളയുമായുള്ള കൂടിക്കാഴ്ച

ഇന്ത്യ-യുഎസ് ബന്ധത്തിലെ പുരോഗതിയിൽ പ്രധാന പങ്കുവഹിച്ച യുഎസ് സ്ഥാനപതി, മുഖ്യമന്ത്രി ഉമർ അബ്ദുള്ളയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. കശ്മീരിന്റെ വികസന മുൻഗണനകളെക്കുറിച്ചും സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഗോർ എക്സിൽ കുറിച്ചു. ഇരുരാജ്യങ്ങൾക്കും പരസ്പരം പ്രയോജനപ്പെടുന്ന രീതിയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് സംസാരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ടൂറിസം, ഹോർട്ടികൾച്ചർ, പുതിയ സാമ്പത്തിക മേഖലകൾ എന്നിവയിൽ അമേരിക്കയുമായുള്ള പങ്കാളിത്തം ശക്തമാക്കുന്നതിലൂന്നിയായിരുന്നു ചർച്ചകളെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുള്ള പറഞ്ഞു. “വളരെ നല്ലൊരു കൂടിക്കാഴ്ചയായിരുന്നു ഇത്. മുൻകാലങ്ങളിലെ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ കാലക്രമേണ ഞങ്ങൾ ശ്രമിക്കും. വരും വർഷങ്ങളിൽ അമേരിക്കയും ജമ്മു കശ്മീരും തമ്മിലുള്ള ബന്ധം കൂടുതൽ വിപുലമാകുമെന്നും ശക്തമാകുമെന്നും കരുതുന്നു,” മുഖ്യമന്ത്രി വ്യക്തമാക്കി.

More Stories from this section

family-dental
witywide