അഫ്ഗാൻ അഭയാർത്ഥികളെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നീക്കം; ഭീതിയിൽ അമേരിക്കയിലെ അഫ്ഗാൻ സമൂഹം

ന്യൂയോർക്ക്: പാകിസ്ഥാൻ വഴി ഏകദേശം ഇരുനൂറോളം അഫ്ഗാൻ പൗരന്മാരെ താലിബാൻ നിയന്ത്രണത്തിലുള്ള സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാൻ പദ്ധതിയിടുന്നതായി ട്രംപ് ഭരണകൂടം ഈ മാസം ആദ്യം പ്രഖ്യാപിച്ചതുമുതൽ അമേരിക്കയിലെ അഫ്ഗാൻ സമൂഹം കടുത്ത ഭീതിയിലും ആശങ്കയിലുമാണ്. നവംബർ മൂന്നിന് നിശ്ചയിച്ചിരുന്ന നാടുകടത്തൽ വിമാനം ഒരു ഫെഡറൽ ജഡ്ജി താൽക്കാലികമായി തടഞ്ഞുവെങ്കിലും, അനിശ്ചിതത്വം തുടരുകയാണ്. അഫ്ഗാൻ യുദ്ധകാലത്ത് അമേരിക്കയെ സഹായിച്ചവരെ തിരികെ അയക്കുന്നത് താലിബാന്റെ കൊടിയ പീഡനങ്ങൾക്കും വധഭീഷണിക്കും ഇരയാകാൻ കാരണമാകുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

കുടിയേറ്റ നയങ്ങളിലുണ്ടാകുന്ന ഇടയ്ക്കിടെയുള്ള മാറ്റങ്ങൾ അഫ്ഗാൻ സമൂഹത്തിൽ വലിയ മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നതെന്ന് ‘വിമൻ ഫോർ അഫ്ഗാൻ വിമൻ’ യു.എസ് കൺട്രി ഡയറക്ടർ നഹീദ് സമദി ബഹ്‌റാം പറഞ്ഞു. കുടുംബത്തിന്റെ നട്ടെല്ലായ സ്ത്രീകളെയാണ് ഈ സാഹചര്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതോടെ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ജോലിയും ഉന്നത വിദ്യാഭ്യാസവും പൊതുജീവിതവും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. യു.എൻ വിമൻ കണക്കുകൾ പ്രകാരം അഫ്ഗാനിസ്ഥാനിലെ 30 ശതമാനത്തോളം പെൺകുട്ടികളും 18 വയസ്സിന് മുൻപ് നിർബന്ധിത വിവാഹത്തിന് വിധേയരാകുന്നുണ്ട്.

അമേരിക്കൻ സർക്കാരിനൊപ്പം അഞ്ച് വർഷത്തിലേറെ പ്രവർത്തിച്ച ഭർത്താവിന്റെ സുരക്ഷയെയും മകളുടെ വിദ്യാഭ്യാസത്തെയും കരുതി 2024-ൽ ന്യൂയോർക്കിലേക്ക് കുടിയേറിയ ഡോക്ടർ ഷൈമ (56) തങ്ങളുടെ ദുരവസ്ഥ പങ്കുവെച്ചു. പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ച് മക്കളുടെ ഭാവിക്കായി രാജ്യം വിടേണ്ടി വന്ന ഷൈമയും കുടുംബവും ഗ്രീൻ കാർഡിനായി അപേക്ഷിച്ചിരുന്നെങ്കിലും നടപടികൾ പാതിവഴിയിൽ നിലച്ചു. 2025 ജൂലൈയിൽ അഫ്ഗാൻ പൗരന്മാർക്കുള്ള താൽക്കാലിക സംരക്ഷിത പദവി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അവസാനിപ്പിച്ചതോടെ, സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ് ഈ കുടുംബം.

നവംബർ 17-ന് ന്യൂയോർക്കിലെ ഫെഡറൽ ജഡ്ജി നാടുകടത്തൽ തടഞ്ഞുകൊണ്ട് പ്രാഥമിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, സർക്കാർ നീക്കങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് ‘#AfghanEvac’ സ്ഥാപകൻ ഷോൺ വാൻഡൈവർ ചൂണ്ടിക്കാട്ടി. ഒക്ടോബർ 14-ന് ശേഷം കുറഞ്ഞത് 76 അഫ്ഗാൻ പൗരന്മാരെ അധികൃതർ തടങ്കലിലാക്കിയിട്ടുണ്ടെന്നും, അടുത്ത ആഴ്ച വീണ്ടും നാടുകടത്തൽ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കുറഞ്ഞത് 9,000 അഫ്ഗാൻ പൗരന്മാർക്ക് താൽക്കാലിക സംരക്ഷിത പദവി നീട്ടി നൽകുന്നതിനുള്ള ഉഭയകക്ഷി ബില്ലിൽ വോട്ടെടുപ്പ് നടത്തുന്നതിനായി കോൺഗ്രസ് അംഗങ്ങൾ നവംബറിൽ ഡിസ്ചാർജ് പെറ്റീഷൻ ഫയൽ ചെയ്തിട്ടുണ്ട്. പ്രതിസന്ധികൾക്കിടയിലും മക്കൾ സുരക്ഷിതരാണെന്ന ആശ്വാസത്തിൽ പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകുകയാണ് ഷൈമയെപ്പോലുള്ള നിരവധി അഫ്ഗാൻ കുടുംബങ്ങൾ.