
മിനിയാപൊളിസ്: മിനിയാപൊളിസിൽ ജോലിക്കിടെ യാത്രക്കാരന്റെ ക്രൂരമായ ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സൊമാലി-അമേരിക്കൻ ഊബർ ഡ്രൈവർ മുഹമ്മദ് യൂസഫ് ശനിയാഴ്ച മരണമടഞ്ഞു. പ്രാദേശിക ഉദ്യോഗസ്ഥരും ‘കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസിന്റെ’ മിനസോട്ട ചാപ്റ്ററും മരണവിവരം സ്ഥിരീകരിച്ചു. നവംബർ 14-ന് പുലർച്ചെ നോർത്ത് ഈസ്റ്റ് മിനിയാപൊളിസിലെ ഒരു ബാറിന് സമീപത്തുനിന്ന് യാത്രക്കാരനെ വാഹനത്തിൽ കയറ്റിയതിന് പിന്നാലെയാണ് യൂസഫ് ആക്രമിക്കപ്പെട്ടത്. സംഭവസമയത്ത് അദ്ദേഹം തന്റെ സഹോദരനുമായി ഫോണിൽ സംസാരിക്കുകയായിരുന്നു.
ആക്രമണത്തിൽ വാരിയെല്ലുകൾക്കും കാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ യൂസഫ് അബോധാവസ്ഥയിലായിരുന്നു. ശ്വാസകോശം തകരുകയും കടുത്ത ആന്തരിക രക്തസ്രാവത്തെ തുടർന്ന് നിരവധി അവയവങ്ങൾ നീക്കം ചെയ്യേണ്ടി വരികയും ചെയ്തിരുന്നു. കേസിലെ പ്രതിയായ 25-കാരൻ സമിത് അപൂർവ പട്ടേലിനെതിരെ നേരത്തെ വധശ്രമത്തിനും കാർ തട്ടിയെടുത്തതിനുമായിരുന്നു കേസെടുത്തിരുന്നത്. എന്നാൽ യൂസഫ് മരിച്ച സാഹചര്യത്തിൽ, പ്രതിക്കെതിരെ മനഃപൂർവ്വമുള്ള കൊലപാതക കുറ്റം ചുമത്തുന്നതിനായി പരാതി ഭേദഗതി ചെയ്യുമെന്ന് ഹെന്നെപിൻ കൗണ്ടി അറ്റോർണി ഓഫീസ് ശനിയാഴ്ച അറിയിച്ചു.
സംഭവത്തിൽ വിദ്വേഷ കുറ്റകൃത്യത്തിന് കേസെടുക്കണമെന്ന് കെയർ-മിനസോട്ട ആവശ്യപ്പെട്ടിരുന്നെങ്കിലും, അതിനാവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടർമാർ ആ വകുപ്പ് ഒഴിവാക്കുകയായിരുന്നു. നവംബർ 14-ന് പുലർച്ചെ 12:47-ന് പട്ടേലിനെ വാഹനത്തിൽ കയറ്റിയ ശേഷം, പ്രതി യൂസഫിന്റെ പേര് ചോദിച്ചതായും ‘മുഹമ്മദ്’ എന്ന് മറുപടി നൽകിയപ്പോൾ “എനിക്ക് ആ പേര് ഇഷ്ടമല്ല” എന്ന് പറഞ്ഞ് അസഭ്യം പറഞ്ഞതായും ഫോൺ കോളിലൂടെ താൻ കേട്ടതായി യൂസഫിന്റെ സഹോദരൻ മൊഴി നൽകിയിട്ടുണ്ട്.
യാത്രയ്ക്കിടെ പ്രതി ബെൽറ്റ് ഉപയോഗിച്ച് തന്നെ ശ്വാസം മുട്ടിക്കുകയാണെന്നും കൊല്ലാൻ ശ്രമിക്കുകയാണെന്നും യൂസഫ് സൊമാലി ഭാഷയിൽ നിലവിളിക്കുന്നത് സഹോദരൻ ഫോണിലൂടെ കേട്ടു. മിനിറ്റുകൾ നീണ്ട പിടിവലിക്ക് ശേഷം നിശബ്ദതയായെന്നും, തുടർന്ന് പ്രതി തന്റെ ശരീരത്തിലൂടെ കാർ ഓടിച്ചുകയറ്റുന്നതായി യൂസഫ് അലറിവിളിച്ചതായും പരാതിയിൽ പറയുന്നു. പിന്നീട് പോലീസ് നടത്തിയ തിരച്ചിലിൽ യൂസഫിനെ ഒരു ഓടയിൽ ഗുരുതരമായി പരിക്കേറ്റ നിലയിലും, അദ്ദേഹത്തിന്റെ എസ്.യു.വി വാഹനം പട്ടേലിന്റെ വീടിന് പുറത്ത് പാർക്ക് ചെയ്ത നിലയിലും കണ്ടെത്തുകയായിരുന്നു. എട്ടുലക്ഷം ഡോളറിന്റെ ജാമ്യത്തുക കെട്ടിവെച്ചതിനെത്തുടർന്ന് പ്രതി നിലവിൽ ഉപാധികളോടെ ജയിലിന് പുറത്താണ്. യൂസഫിന്റെ കുടുംബം തിങ്കളാഴ്ച വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.















