2028ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കില്ലെന്ന് ജെ.ഡി. വാൻസ്; കാരണം കുടുംബകാര്യങ്ങളും രാഷ്ട്രീയത്തോടുള്ള ഭാര്യയുടെ താൽപര്യക്കുറവും

2028ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്ന് സൂചന നൽകി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. കുടുംബത്തിന്റെ താൽപര്യങ്ങളും രാഷ്ട്രീയത്തോടുള്ള ഭാര്യയുടെ താൽപര്യക്കുറവുമാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണത്തിനെതിരെ ജനവികാരം ശക്തമാകുന്നതിനിടെയാണ് വാൻസിന്റെ പ്രതികരണം. ഒക്ടോബർ 17ന് ശനിയാഴ്ച സിബിഎസ് ന്യൂസ് സംഘടിപ്പിച്ച ടൗൺ ഹാൾ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2028ൽ ട്രംപിന് പകരക്കാരനായി റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മത്സരിക്കുമോയെന്ന ചോദ്യത്തിന് സാധ്യത തള്ളിക്കളയാനാകില്ലെന്നായിരുന്നു മറുപടി. “തീർച്ചയായും മത്സരിക്കാതിരിക്കാനും സാധ്യതയുണ്ട്. ഞങ്ങൾക്ക് നാല് ചെറിയ കുട്ടികളുണ്ട്. എന്റെ ഭാര്യക്ക് രാഷ്ട്രീയത്തോട് വലിയ താൽപര്യമില്ല. എന്നാൽ പൊതുസേവനം അവൾ ഇഷ്ടപ്പെടുന്നു,” വാൻസ് പറഞ്ഞു. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമേ തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ആലോചിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാന തീരുമാനങ്ങൾ എടുക്കുന്നത് നീട്ടിവയ്ക്കുന്ന സ്വഭാവമാണ് തനിക്കുള്ളതെന്നും വാൻസ് പറഞ്ഞു.

ട്രംപ് ഭരണത്തിന് കീഴിൽ രാജ്യത്തിന്റെ ദിശയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അതൃപ്തി വർധിക്കുന്നുവെന്നാണ് വിവിധ അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. എൻബിസി ന്യൂസ് നടത്തിയ സർവേയിൽ പങ്കെടുത്ത 71 ശതമാനം പേരും രാജ്യം തെറ്റായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് അഭിപ്രായപ്പെട്ടു. ട്രംപിന്റെ നയങ്ങൾ രാജ്യത്തിന് ഗുണകരമാണെന്ന് 28 ശതമാനം പേർ പറഞ്ഞപ്പോൾ 58 ശതമാനം പേർ നയങ്ങൾ ദോഷം ചെയ്യുന്നുവെന്ന് വിലയിരുത്തി. 14 ശതമാനം പേർ നയങ്ങൾ കാര്യമായ മാറ്റമുണ്ടാക്കുന്നില്ലെന്നും പ്രതികരിച്ചു.

കോൺഗ്രസ് തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ 55 ശതമാനം വോട്ടർമാരും ഡെമോക്രാറ്റുകൾക്ക് പിന്തുണ നൽകുമെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ടിൽ ഉദ്ധരിച്ച മറ്റൊരു സർവേ വ്യക്തമാക്കുന്നു. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിന്റെ ഭരണകാലം അവസാനിക്കുന്നതുവരെയുള്ള കോൺഗ്രസിന്റെ നിയന്ത്രണം നിർണയിക്കും. ജനപ്രതിനിധിസഭയിലും സെനറ്റിലും നേട്ടമുണ്ടാക്കി ട്രംപ് ഭരണകൂടത്തിന്റെ നിയമനിർമാണ നീക്കങ്ങൾക്ക് തടയിടാമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷ.

നിലവിൽ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 സീറ്റും ഡെമോക്രാറ്റുകൾക്ക് 47 സീറ്റുമാണുള്ളത്. തിരഞ്ഞെടുപ്പ് നടക്കുന്ന 35 സെനറ്റ് സീറ്റുകളിൽ 22 എണ്ണവും റിപ്പബ്ലിക്കൻമാരുടേതാണ്. സെനറ്റിൽ ഭൂരിപക്ഷം നേടാൻ ഡെമോക്രാറ്റുകൾക്ക് നാല് സീറ്റുകളുടെ അറ്റനേട്ടം ആവശ്യമാണ്. 50–50 എന്ന നിലയുണ്ടായാൽ വൈസ് പ്രസിഡന്റ് എന്ന നിലയിൽ വാൻസിന് നിർണായക വോട്ട് രേഖപ്പെടുത്താനാകും. മത്സരിക്കുന്ന കാര്യത്തിൽ ഉറപ്പുനൽകിയിട്ടില്ലെങ്കിലും 2028ലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനുള്ള പ്രധാന സാധ്യതകളിലൊരാളായാണ് വാൻസിനെ കണക്കാക്കുന്നത്. ഫ്ലോറിഡയിൽ നിന്നുള്ള സെനറ്റർ മാർക്കോ റൂബിയോയുടെ പേരും പരിഗണനയിലുണ്ട്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ വാൻസ് നേരത്തെയും വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. നിലവിൽ റിപ്പബ്ലിക്കൻമാരെ ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കാനാണ് തന്റെ മുൻഗണനയെന്ന് അദ്ദേഹം പറയുന്നു.ഒക്ടോബർ ഒന്നിന് എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ മറ്റൊരു സാധ്യതയുള്ള സ്ഥാനാർഥിയായ സെനറ്റർ ടെഡ് ക്രൂസിനെ വാൻസ് വിമർശിച്ചിരുന്നു. ഈ നിമിഷം ടെഡ് ക്രൂസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെന്ന് വ്യക്തമാണ്. എന്നാൽ ഞാൻ ഇപ്പോൾ മത്സരിക്കുന്നില്ല. റിപ്പബ്ലിക്കൻമാരെ വിജയിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

JD Vance says ‘there’s a chance’ he may not run for 2028 presidential race to succeed Trump

More Stories from this section

family-dental
witywide