
ടെഹ്റാൻ/ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചേർന്ന് ഇറാനെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കടുത്ത ഭാഷയിൽ വെല്ലുവിളിയുമായി ഇറാൻ. “ഒന്നുകൂടി ഭാഗ്യം പരീക്ഷിക്കാൻ തങ്ങൾ ക്ഷണിക്കുകയാണെന്നും എന്നാൽ തങ്ങൾക്കും ചില പണികൾ പൂർത്തിയാക്കാനുണ്ടെന്ന് ഓർക്കണമെന്നും” ഇറാൻ വിദേശകാര്യമന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. ഒക്ടോബർ 27-ന് നടക്കുന്ന ഇസ്രായേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് ഡോണൾഡ് ട്രംപ് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ ശക്തമായ പ്രതികരണം.
തന്റെ അഴിമതിക്കേസുകളിലെ ജയിൽവാസം ഒഴിവാക്കാൻ വേണ്ടി നെതന്യാഹു അമേരിക്കയെ മറ്റൊരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. “കഴിഞ്ഞ തവണ ‘പണി പൂർത്തിയാക്കാൻ’ നിങ്ങൾ ആഗ്രഹിച്ചപ്പോൾ ഇറാൻ കൂടുതൽ ശക്തമാവുകയാണ് ചെയ്തത്. ഇസ്രായേലിനോ അമേരിക്കൻ പ്രസിഡന്റിനോ എന്ത് പ്രത്യാഘാതം ഉണ്ടായാലും സ്വന്തം കാര്യം നോക്കി നെതന്യാഹു യുദ്ധം വരിക്കുകയാണ്,” എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ അരാഗ്ചി കുറിച്ചു.
നേരത്തെ, തന്റെ ലിക്വിഡ് പാർട്ടി പുറത്തുവിട്ട വീഡിയോയിലൂടെയാണ് നെതന്യാഹു ഇറാന് നേരെ യുദ്ധപ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അടുത്ത രണ്ട് വർഷത്തിനുള്ളിലോ അതിന് മുൻപോ ട്രംപുമായി ചേർന്ന് “ഇറാനിയൻ ഭീഷണിയെ പൂർണ്ണമായി ഇല്ലാതാക്കുമെന്നായിരുന്നു” നെതന്യാഹുവിന്റെ പ്രസ്താവന. ട്രംപും താനും ചേർന്ന് മുൻപ് ഇറാനെ തകർത്തിട്ടുണ്ടെന്നും ഇനിയും ആ ദൗത്യം പൂർത്തിയാക്കാനുണ്ടെന്നും അദ്ദേഹം വോട്ടർമാരോട് പറഞ്ഞു.
2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേലിൽ നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. ഇസ്രായേലിനുള്ളിൽ കടുത്ത ജനവിരുദ്ധ വികാരവും പ്രതിപക്ഷ എതിർപ്പും നേരിടുന്ന നെതന്യാഹുവിന് വലിയ ആശ്വാസമാണ് ട്രംപിന്റെ പരസ്യ പിന്തുണ. ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് നെതന്യാഹുവിനെ പുകഴ്ത്തിയത്. ഇസ്രായേലിൽ നിന്ന് പോലും വലിയ എതിർപ്പുകൾ നേരിടുമ്പോഴും നെതന്യാഹു ശക്തനും ധീരനുമായി നിലകൊണ്ടുവെന്ന് ട്രംപ് കുറിച്ചു. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ ഒക്ടോബർ 27-ലെ ജനവിധിയിലേക്ക് ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.
“Come and try your luck; we, too, have some scores to settle”, Iran issues a stern warning to Netanyahu and Trump; West Asia once again stands on the brink of war.













