യുക്രെയ്ൻ യുദ്ധം തീർക്കാൻ പുടിൻ്റെ ‘മാസ്റ്റർ പ്ലാൻ’; ട്രംപും ഷി ജിൻപിംഗുമായി ത്രികക്ഷി ചർച്ചയ്ക്ക് നീക്കം

മോസ്കോ: അഞ്ച് വർഷമായി തുടരുന്ന യുക്രെയ്ൻ യുദ്ധത്തിന് വിരാമമിടാൻ ലക്ഷ്യമിട്ട് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എന്നിവരുമായി ത്രികക്ഷി ഉച്ചകോടിക്ക് നിർദ്ദേശവുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ആഗോളതലത്തിൽ റഷ്യയുടെ നയതന്ത്ര നില ശക്തമാക്കാൻ ഈ നീക്കം സഹായിക്കുമെങ്കിലും, സ്വന്തം രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന ചർച്ചയിൽ നിന്ന് യുക്രെയ്ൻ പൂർണ്ണമായും ഒഴിവാക്കപ്പെടുമോ എന്ന ആശങ്ക ശക്തമാണ്.

പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ദ വാൾ സ്ട്രീറ്റ് ജേണൽ’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഒക്ടോബർ 9-ന് ട്രംപുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് പുടിൻ ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. നവംബർ 18, 19 തീയതികളിൽ ചൈനയിലെ ഷെൻഷനിൽ നടക്കാനിരിക്കുന്ന ഏഷ്യാ-പസഫിക് ഇക്കണോമിക് കോപ്പറേഷൻ (APEC) ഉച്ചകോടിയുടെ ഭാഗമായി കൂടിക്കാഴ്ച നടത്താനാണ് റഷ്യയുടെ താല്പര്യം. എന്നാൽ ചർച്ചയുടെ അജണ്ടയെക്കുറിച്ചോ തീയതിയെക്കുറിച്ചോ നിലവിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ലഭ്യമല്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതിനാൽ ട്രംപ് ഈ നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചേക്കുമെന്ന് സൂചനയുണ്ടെങ്കിലും വാഷിംഗ്ടണോ ബീജിംഗോ ഇതുവരെ കൂടിക്കാഴ്ചയ്ക്ക് ഔദ്യോഗികമായി സമ്മതം മൂളിയിട്ടില്ല.

ട്രംപുമായുള്ള വ്യക്തിപരമായ നല്ല ബന്ധം പ്രയോജനപ്പെടുത്തി ലോകത്തെ മൂന്ന് വൻശക്തികൾക്കിടയിൽ റഷ്യയെ പ്രധാന പങ്കാളിയായി പ്രതിഷ്ഠിക്കുകയാണ് പുടിന്റെ ലക്ഷ്യം. റഷ്യയും അമേരിക്കയും തമ്മിലുള്ള മധ്യസ്ഥനായി മാറാൻ ചൈനയ്ക്കും ഇത് വഴി സാധിക്കും. എന്നാൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയെ ചർച്ചകളിൽ നിന്ന് മാറ്റിനിർത്തുന്നത് ഒരു ശാശ്വത സമാധാനത്തിന് തിരിച്ചടിയായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഉച്ചകോടി ചർച്ചകൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ്ജ ഇടപാടുകളും സജീവമായിട്ടുണ്ട്. അമേരിക്കയിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കുമായി റഷ്യ 3 ലക്ഷം ടണ്ണിലധികം ഡീസൽ വിതരണം ചെയ്യുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. റഷ്യൻ എണ്ണക്കമ്പനികൾക്ക് നേരെയുള്ള യുക്രെയ്ന്റെ ഡ്രോൺ ആക്രമണങ്ങളെ ട്രംപ് കടുപ്പമായി വിമർശിക്കുകയും ചെയ്തിരുന്നു.

അതേസമയം, യുദ്ധഭൂമിയിൽ ഇരുവിഭാഗവും ആക്രമണം കടുപ്പിക്കുകയാണ്. യുക്രെയ്ൻ നഗരങ്ങളെയും ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ട് റഷ്യൻ സൈന്യം മുന്നേറുമ്പോൾ, തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും മുൻനിർത്തിയുള്ള സമാധാന ഉടമ്പടിക്ക് മാത്രമേ തയ്യാറാകൂ എന്ന ഉറച്ച നിലപാടിലാണ് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി.

Putin’s ‘master plan’ to end the Ukraine war; Move for a three-way discussion with Trump and Xi

More Stories from this section

family-dental
witywide