ഭാര്യയെ ICE ഉദ്യോഗസ്ഥർ തട്ടിക്കൊണ്ടുപോയെന്ന് കള്ളം പറഞ്ഞു; ഒടുവിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി, കാലിഫോർണിയയിൽ ഇന്ത്യൻ വംശജൻ കൊലപാതകക്കുറ്റത്തിന് അറസ്റ്റിൽ

സാക്രമെന്റോ: ഭാര്യയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസിനോട് കള്ളം പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജൻ ഒടുവിൽ കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായി. കാലിഫോർണിയയിലെ സാക്രമെന്റോയിൽ താമസിക്കുന്ന ഗുരീന്ദർ സിങ് ഗിൽ (28) ആണ് ഭാര്യ ജാസ്മിൻ ഗില്ലിനെ (30) കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്.

കഴിഞ്ഞ ഒക്ടോബർ ഒന്നിന് കാലിഫോർണിയയിലെ എൽ ഡൊറാഡോ കൗണ്ടിയിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ജാസ്മിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയും രജിസ്റ്റേർഡ് നഴ്സുമായ ജാസ്മിനെ സെപ്റ്റംബർ 30 മുതലാണ് കാണാതായത്. ഒക്ടോബർ നാലിന് ജാസ്മിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.

വീടിന് മുന്നിലെ ലെറ്റർബോക്സ് പരിശോധിക്കാൻ പോയ ഭാര്യയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോയി എന്നായിരുന്നു ഗുരീന്ദർ പൊലീസിന് നൽകിയ മൊഴി. എന്നാൽ പൊലീസ് ഫെഡറൽ ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് ഗുരീന്ദറിന്റെ മൊഴികളിലെ പൊരുത്തക്കേടുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊലപാതക വിവരത്തിലേക്ക് നയിച്ചത്.

ഇരുവരും വിവാഹമോചനത്തിന്റെ വക്കിലായിരുന്നുവെന്നും കുഞ്ഞിന്റെ സംരക്ഷണാവകാശത്തെ (ചൈൽഡ് കസ്റ്റഡി) ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നതായും പൊലീസ് കണ്ടെത്തി. ഒക്ടോബർ 14 ബുധനാഴ്ചയാണ് ഗുരീന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ കൊലപാതകക്കുറ്റം ചുമത്തി സാക്രമെന്റോ കൗണ്ടി ജയിലിലടച്ചിരിക്കുന്ന പ്രതിക്ക് ജാമ്യം അനുവദിച്ചിട്ടില്ല. ജാസ്മിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Man of Indian origin arrested for murder in California after falsely claiming his wife had been abducted by ICE agents; her charred remains were later discovered.

More Stories from this section

family-dental
witywide