ജോ ബൈഡന്റെ പ്രോസ്റ്റേറ്റ് ക്യാൻസർ അസ്ഥികളിലേക്കും പടർന്നു, വിവരം പങ്കുവെച്ച് മകൻ ഹണ്ടർ ബൈഡൻ

മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രോസ്റ്റേറ്റ് ക്യാൻസർ അസ്ഥികളിലേക്ക് പടർന്നതായി മകൻ ഹണ്ടർ ബൈഡൻ വെളിപ്പെടുത്തി. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. 2025 മേയിലാണ് ബൈഡന് പ്രോസ്റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചത്. ക്യാൻസർ എല്ലുകളിലേക്കും അതിനപ്പുറത്തേക്കും വ്യാപിച്ചത് അതികഠിനമായ വേദനയ്ക്കും ശാരീരിക അവശതകൾക്കും കാരണമാകുന്നുണ്ടെന്ന് ഹണ്ടർ ബൈഡൻ പറഞ്ഞു. അദ്ദേഹത്തിന്റെ രോഗാവസ്ഥയ്ക്ക് ‘ഗ്ലീസൺ സ്കോർ 9 (ഗ്രേഡ് ഗ്രൂപ്പ് 5)’ ആണെന്നാണ് കണ്ടെത്തൽ.

ക്യാൻസർ കോശങ്ങളുടെ ഘടനയിൽ വലിയ അസ്വാഭാവികത കാണപ്പെടുമ്പോഴാണ് അതിനെ ‘ഗ്രേഡ് 5’ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു. പ്രോസ്റ്റേറ്റിലെ പ്രാഥമിക ട്യൂമറിൽ നിന്ന് വേർപെടുന്ന കാൻസർ കോശങ്ങൾ രക്തക്കുഴലുകൾ വഴിയോ ലിംഫറ്റിക് സിസ്റ്റം വഴിയോ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിച്ച് അസ്ഥികളിൽ എത്തി വളരുന്നതിനെയാണ് ബോൺ മെറ്റാസ്റ്റാസിസ് (Bone Metastasis) എന്ന് വിളിക്കുന്നത്. ഈ രോഗാവസ്ഥ ബൈഡന്റെ ആരോഗ്യത്തെ കഠിനമായി ബാധിച്ചിട്ടുണ്ട്.

പ്രോസ്റ്റേറ്റ് ക്യാൻസർ കോശങ്ങൾക്ക് നട്ടെല്ല്, പെൽവിസ്, ഇടുപ്പ്, വാരിയെല്ലുകൾ എന്നിവിടങ്ങളിലേക്ക് പടരാനുള്ള പ്രവണത കൂടുതലാണ്. രാത്രികാലങ്ങളിൽ ഉണ്ടാകുന്ന കടുത്ത അസ്ഥിവേദന, ശരീരചലനങ്ങളിലെ ബുദ്ധിമുട്ട്, എല്ലുകളുടെ ബലം കുറഞ്ഞ് പെട്ടെന്ന് ഒടിയുന്ന അവസ്ഥ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. കൂടാതെ നട്ടെല്ലിൽ മർദ്ദം ചെലുത്തുന്ന മുഴകൾ കാരണം ഉണ്ടാകുന്ന മരവിപ്പ്, ബലഹീനത, അസ്ഥി കലകൾ നശിക്കുമ്പോൾ രക്തത്തിലേക്ക് കാൽസ്യം അമിതമായി കലരുന്നത് മൂലമുണ്ടാകുന്ന ഓക്കാനവും കടുത്ത ക്ഷീണവും രോഗിയെ അലട്ടാറുണ്ട്.

ബോൺ മെറ്റാസ്റ്റാസിസ് എന്ന രോഗാവസ്ഥ പൂർണ്ണമായി ഭേദമാക്കുക പ്രയാസകരമാണെങ്കിലും രോഗലക്ഷണങ്ങളെ നിയന്ത്രിക്കാനും രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമുള്ള വിവിധ ചികിത്സാരീതികൾ നിലവിലുണ്ട്. ബൈഡന് ആവശ്യമായ വിദഗ്ധ പരിചരണവും ചികിത്സകളും നൽകിവരികയാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Joe Biden’s prostate cancer spreads to bones says son Hunter Biden

More Stories from this section

family-dental
witywide