
ഹോങ്കോങ്: ഹോങ്കോങ്ങിലെ പ്രമുഖ ജനാധിപത്യ പ്രക്ഷോഭ നേതാവ് ജോഷുവ വോങ്ങിന് (30) പത്ത് വർഷം കൂടി തടവുശിക്ഷ വിധിച്ചു. വിദേശ ശക്തികളുമായി ചേർന്ന് ഹോങ്കോങ്ങിനും ചൈനയ്ക്കുമെതിരെ ഉപരോധം ഏർപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് ഹോങ്കോങ് കോടതി പുതിയ ശിക്ഷ വിധിച്ചത്. കോടതി പുറത്തുവിട്ട പ്രത്യേക വാർത്താക്കുറിപ്പിലാണ് പത്ത് വർഷത്തെ അന്തിമ തടവുശിക്ഷാ വിവരം അറിയിച്ചത്.
ബീജിംഗ് ഏർപ്പെടുത്തിയ കടുത്ത ദേശീയ സുരക്ഷാ നിയമപ്രകാരം “ഭരണകൂട വിരുദ്ധ പ്രവർത്തനത്തിന്” നാല് വർഷവും എട്ട് മാസവും തടവ് അനുഭവിച്ചു വരികയായിരുന്ന വോങ്, വരും ജനുവരിയിൽ മോചിതനാകേണ്ടതായിരുന്നു. എന്നാൽ, ഇതേ നിയമം ചുമത്തി 2025 ജൂണിൽ അധികൃതർ വോങ്ങിനെതിരെ പുതിയ കേസ് ഫയൽ ചെയ്യുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ അദ്ദേഹം കുറ്റസമ്മതം നടത്തിയിരുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരം രണ്ട് തവണ കുറ്റം ചുമത്തപ്പെടുന്ന ഏക ഹോങ്കോങ് നേതാവാണ് ജാഷുവ വോങ്.
വ്യാഴാഴ്ച രാവിലെ കനത്ത പൊലീസ് സുരക്ഷയിലാണ് വോങ്ങിനെ കോടതിയിൽ ഹാജരാക്കിയത്. വിധി കേൾക്കാൻ നിരവധി അനുയായികൾ കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. നീല ഷർട്ടും കറുത്ത കണ്ണടയും ധരിച്ച് ശാന്തനായി കോടതിയിലെത്തിയ വോങ്, ശിക്ഷാവിധിക്ക് ശേഷം അനുയായികളെ കൈവീശി കാണിച്ചാണ് മടങ്ങിയത്. “നിങ്ങളുടെ മോചനത്തിനായി ഞങ്ങൾ കാത്തിരിക്കും,” എന്ന് അനുയായികൾ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു.
2014-ലെ പ്രശസ്തമായ ‘അംബ്രല്ല മൂവ്‌മെന്റ്’ എന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിലൂടെയാണ് ജാഷുവ വോങ് ആഗോള ശ്രദ്ധ നേടുന്നത്. പിന്നീട് 2019-ൽ ഹോങ്കോങ്ങിൽ നടന്ന വൻ ജനകീയ പ്രക്ഷോഭങ്ങളിലും അദ്ദേഹം സജീവമായിരുന്നു. അമേരിക്കൻ പ്രസിഡന്റിന് ഹോങ്കോങ്ങിന്മേൽ ഉപരോധം ഏർപ്പെടുത്താൻ അധികാരം നൽകുന്ന ബില്ലിനായി വോങ് അന്താരാഷ്ട്ര തലത്തിൽ ലോബിയിംഗ് നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
അതേസമയം, വോങ്ങിനെ നിരന്തരം ജയിലിലടയ്ക്കാനുള്ള ഭരണകൂടത്തിന്റെ ആസൂത്രിത നീക്കമാണ് ഈ പുതിയ കേസും ശിക്ഷയുമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. വോങ് ഒരു മിതവാദിയായ നേതാവായിരുന്നിട്ടും, ഹോങ്കോങ്ങിൽ ഇനി ചൈനയ്‌ക്കെതിരായ ഒരു ചെറുത്തുനിൽപ്പും സാധ്യമല്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ബീജിംഗ് അദ്ദേഹത്തെ ഒരു ഉദാഹരണമാക്കുകയാണെന്ന് ലണ്ടൻ സർവകലാശാലയിലെ ചൈന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്റ്റീവ് ത്സാങ് പ്രതികരിച്ചു. നിലവിൽ ആറ് വർഷത്തോളമായി ജയിലിൽ കഴിയുന്ന വോങ്, പുതിയ ശിക്ഷാ കാലാവധി കൂടി പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴേക്കും മധ്യവയസ്സിലെത്തിയിട്ടുണ്ടാകും.
Joshua Wong, who gained global attention through the Umbrella Movement, faces an additional ten-year prison sentence.














