നിർണായക നയതന്ത്ര നീക്കം, ചൈന സന്ദർശിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ; ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ പാലം ഉദ്ഘാടനം ചെയ്തു

ഡാങ്‌ഷോങ്: അയൽരാജ്യമായ ചൈന സന്ദർശിച്ച് ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉൻ. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം, ശക്തമായ അയൽരാജ്യവുമായുള്ള സഹകരണം കൂടുതൽ വ്യാപിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഒരു വർഷത്തിനിടയിൽ കിം നടത്തുന്ന ആദ്യ ചൈന സന്ദർശനമാണിത്. അമേരിക്കയ്‌ക്കെതിരെ ബെയ്ജിംഗും മോസ്കോയുമായി ചേർന്ന് ‘പുതിയ ശീതയുദ്ധ’മെന്ന നിലയിൽ വിദേശനയം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.

ദക്ഷിണ കൊറിയൻ ഏകീകരണ മന്ത്രാലയത്തിന്റെയും ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയുടെയും റിപ്പോർട്ടുകൾ പ്രകാരം, പുതുതായി തുറന്ന പാലം കടന്നാണ് കിം ശനിയാഴ്ച ചൈനീസ് അതിർത്തി നഗരമായ ഡാങ്‌ഷോങ്ങിൽ എത്തിയത്. കൊറിയൻ യുദ്ധകാലത്ത് ചൈന നൽകിയ പിന്തുണ സ്മരിക്കുന്ന സ്മാരകം സന്ദർശിച്ച കിം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായ വാങ് ഹുനിംഗുമായി ചർച്ച നടത്തി. രക്തത്തിലൂടെ രൂപപ്പെട്ട ഇരു രാജ്യങ്ങളുടെയും സൗഹൃദം എക്കാലവും കാത്തുസൂക്ഷിക്കുമെന്ന് സ്മാരകം സന്ദർശിച്ച ശേഷം കിം വ്യക്തമാക്കി.

ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ചർച്ചയിൽ കിം വീണ്ടും വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ആശംസകൾ വാങ് ഹുനിങ് കിമ്മിന് കൈമാറി. തുടർന്ന് ഒരു കാർ നിർമ്മാണ ഫാക്ടറി സന്ദർശിച്ച ശേഷമാണ് കിം മടങ്ങിയത്. ഉത്തരകൊറിയയുടെ പ്രധാന സാമ്പത്തിക സഖ്യകക്ഷിയായ ചൈനയുമായി അടുപ്പം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. കഴിഞ്ഞ കുറച്ചുകാലമായി റഷ്യയുമായുള്ള ബന്ധത്തിന് മുൻഗണന നൽകിയിരുന്ന കിം, ഇപ്പോൾ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും സജീവമാക്കിയിട്ടുണ്ട്. റഷ്യൻ യുദ്ധത്തിന് പിന്തുണയായി ഉത്തരകൊറിയ ആയിരക്കണക്കിന് സൈനികരെയും ആയുധങ്ങളെയും അയച്ചിരുന്നു. 2025 സെപ്റ്റംബറിലാണ് കിം ഇതിനുമുമ്പ് ബെയ്ജിങ് സന്ദർശിച്ചത്.

More Stories from this section

family-dental
witywide