
തൃശൂർ: ദേശീയപാത 66-ൽ പനമ്പിക്കുന്നിൽ എട്ട് എഞ്ചിനീയറിങ് വിദ്യാർഥികളുടെ ദാരുണാന്ത്യത്തിനിടയാക്കിയ കാർ അപകടത്തിലേക്ക് നയിച്ചത് മൂന്ന് പ്രധാന വീഴ്ചകളാണെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. അപകടത്തിന് ശേഷം ഒളിവിൽ പോയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 105 പ്രകാരം കേസെടുത്തു.
ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ട്രാക്കിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ലോറി അനധികൃതമായി പാർക്ക് ചെയ്തതാണ് അപകടത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതോടൊപ്പം ദേശീയപാത അതോറിറ്റിയുടെ ഗുരുതരമായ വീഴ്ചയും പോലീസ് പരിശോധിക്കുന്നുണ്ട്. റോഡ് ബ്ലോക്ക് ചെയ്ത ഭാഗത്തിന് മുൻപായി ചട്ടപ്രകാരമുള്ള റിഫ്ലക്ടറുകളോ രാത്രികാല മുന്നറിയിപ്പ് ലൈറ്റുകളോ സ്ഥാപിച്ചിരുന്നില്ല. നിർത്തിയിട്ടിരുന്ന ലോറി നിലവിലുണ്ടായിരുന്ന ബോർഡുകളെ മറയ്ക്കുകയും ചെയ്തു.
തമിഴ്‌നാട് ഡിണ്ടിഗൽ പിഎസ്എൻഎ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറിന്റെ അമിതവേഗതയും ഡ്രൈവർ ഉറങ്ങിപ്പോയതുമാകാം പെട്ടെന്നുള്ള അപകടത്തിന് കാരണമായതെന്നാണ് മൂന്നാമത്തെ സാധ്യത. മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിലും കാർ അതിവേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളായ എട്ട് എഞ്ചിനീയറിങ് വിദ്യാർഥികളാണ് അപകടത്തിൽ മരണപ്പെട്ടത്. സംഭവത്തിൽ ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചകളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Kaipamangalam road accident that claimed the lives of eight students: Police say there are three possibilities; Lorry driver in custody















