
‘കള്ളൻ വിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ.ആർ. അജയൻ രാജിവെച്ചു. രാജി വെക്കുകയോ നീണ്ട അവധിയിൽ പ്രവേശിക്കുകയോ വേണമെന്ന പത്രാധിപസമിതിയുടെ കടുത്ത സമ്മർദ്ദത്തിനൊടുവിലാണ് അദ്ദേഹം പത്രത്തിൽ നിന്ന് പടിയിറങ്ങുന്നത്. രാവിലെ ദേശാഭിമാനി ഓഫീസിലെത്തി ജനറൽ മാനേജർക്ക് രാജി സമർപ്പിക്കുകയായിരുന്നു. രാജി സ്വീകരിച്ച മാനേജ്മെന്റ്, അദ്ദേഹത്തിനുള്ള ആനുകൂല്യങ്ങൾ ഉടൻ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
പുല്ലമ്പാറയിലെ അറിയപ്പെടുന്ന നാടകപ്രവർത്തകൻ വിജയനെക്കുറിച്ച് ടി.സി. രാജേഷ് എഴുതിയ ‘കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട തർക്കമാണ് രാജിയിൽ കലാശിച്ചത്. തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്നും മാറ്റാൻ കഴിയില്ലെന്നുമുള്ള നിലപാടിലായിരുന്നു കെ.ആർ. അജയൻ. എന്നാൽ തലക്കെട്ട് മാറ്റാൻ തയ്യാറാകാതെ മാധ്യമങ്ങൾക്ക് വിവരം ചോർത്തി നൽകിയെന്ന് ആരോപിച്ച് റസിഡന്റ് എഡിറ്റർ ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. തുടർന്ന് പത്രത്തിലെ എഡിറ്റോറിയൽ തർക്കത്തെത്തുടർന്ന് വാരാന്തപ്പതിപ്പ് സപ്ലിമെന്റ് തന്നെ പിൻവലിക്കേണ്ടി വരികയും എഴുത്തുകാരൻ ലേഖനം ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ ചീഫ് എഡിറ്ററും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് റസിഡന്റ് എഡിറ്ററുമായിരിക്കെ സംഭവിച്ച വീഴ്ച പാർട്ടിക്കുള്ളിലും വലിയ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. ഒരു സാധാരണ ലേഖനത്തിലെ തലക്കെട്ട് വളച്ചൊടിച്ച് വിവാദമാക്കിയതിലും, പാർട്ടിക്കും പത്രത്തിനും ദോഷമില്ലാത്ത രീതിയിൽ വിഷയം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിലും പാർട്ടിക്കുള്ളിൽ ശക്തമായ അതൃപ്തി നിലനിൽക്കുന്നുണ്ട്.
Kallan Vijayan Article Controversy: Deshabhimani Weekly Editor KR Ajayan Resigns











