നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോ ഓണാഘോഷം സംഘടിപ്പിച്ചു

സതീശൻ നായർ

ഷിക്കാഗോ : നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷം ഡസ്പ്ളയിൻസിലുള്ള പ്രയിറി ലേക്ക് കമ്യൂണിറ്റി സെൻ്ററിൽ വച്ചു നടന്നു. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടേയും അകമ്പടിയോടുകൂടി വിശിഷ്‌ടാതിഥികളേയും മഹാബലിത്തമ്പുരാനേയും എതിരേറ്റ് ആനയിച്ചു.

പ്രസിഡന്റ് വി ജി നായർ സദസ്സിനെ സ്വാഗതം ചെയ്തു. കൂടാതെ ഓണത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും സംഘടനയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിക്കുകയും ഏവർക്കും ഓണാശംസകൾ നേരുകയും ചെയ്തു. എം. ജെ. സെബാസ്റ്റ്യൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ഓണാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സതീശൻ നായർ മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി.

ശ്രേയ മഹേഷ് ഈശ്വരപ്രാർഥന ഗാനം ആലപിച്ചു. വൈവിധ്യമാർന്ന വിവിധ കലാപരിപാടികൾ ചടങ്ങിനെ പ്രൗഢഗംഭീരമാക്കി. പ്രസന്ന അവതരിപ്പിച്ച സോപാന സംഗീതം, മോഹിനിയാട്ടം എന്നിവ വളരെ മികവുറ്റതായിരുന്നു.

കൂടാതെ ദിയാ നിതിന്റെ ഓണപ്പാട്ട്, സൊറാഫിന്റെ ഡാൻസ് ടീം ഡാഫോഡിൽസ് അവതരിപ്പിച്ച ഡാൻസ്, അൻജു ശ്രീകാന്ത്, ഗ്രീഷ്‌മ സുമേഷ് മ്യൂസിക്കൽ ഐറ്റം, ഓംകാരം ഷിക്കാഗോയുടെ തകർപ്പൻ ചെണ്ടമേളം, സൗപർണിക കലാക്ഷേത്രയുടെ ഡാൻസ്, രാഗാഹുക്ക് ബാൻഡ്, തരംഗ്, നർത്തകീസ്, ഓംകാരം കലാകാൻമാരവതരിപ്പിച്ച ചരിത്രപരവും സാംസ്‌കാരികവുമായ തൃശ്ശൂർ പൂരത്തിൻ്റെ അവതരണം, മൽഹാർ ഡാൻസ് കമ്പനിയുടെ ഡാൻസ്, ടീം മണവാളൻസിന്റെ വൈവിധ്യമാർന്ന കോമഡി മ്യൂസിക് ആൻഡ് ഡാൻസ് തുടങ്ങിയ വിവിധ പരിപാടികൾ സദസ്സിനു സന്തോഷവും കുളിർമയും നൽകി. കലാപരിപാടികളുടെ കോർഡിനേറ്ററായി പ്രവർത്തിച്ചത് ദീപു നായരായിരുന്നു.

മറ്റു വിവിധ പരിപാടികൾക്ക് അരവിന്ദ് പിള്ള, എം. ആർ. സി. പിള്ള, സുരേഷ് ബാലചന്ദ്രൻ, ജിതേന്ദ്ര കൈമൾ, പ്രസന്നൻ പിള്ള, രഘുനാഥൻ നായർ, രാധാകൃഷ്ണൻ നായർ, രാജഗോപാലൻ നായർ, വിജയ പിള്ള, ചന്ദ്രൻ പിളള, ദീപക് നായർ തുടങ്ങിയവർ നേതൃത്വം നൽകി. മഹേഷ്കൃഷ്ണൻ ഏവർക്കും നന്ദി രേഖപ്പെടുത്തി. ബിന്ധ്യാ നായർ ചടങ്ങിൽ എം. സി. ആയിരുന്നു

The Nair Association of Greater Chicago organized Onam celebrations.