അമേരിക്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് എട്ട് പേർ മരിച്ചു

അലാസ്ക: അമേരിക്കയിലെ പടിഞ്ഞാറൻ അലാസ്കയിലെ വിദൂര റഡാർ കേന്ദ്രത്തിന് സമീപം ഇരട്ട എൻജിനുള്ള സെസ്ന ചാർട്ടർ വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു. വ്യാഴാഴ്ചയാണ് അപകടമുണ്ടായതെന്ന് അലാസ്കൻ കമാൻഡ് അറിയിച്ചു.

വിമാനത്തിൽ രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് ഉണ്ടായിരുന്നതെന്ന് NTSBയുടെ അലാസ്ക വിഭാഗം മേധാവി ക്ലിന്റ് ജോൺസൺ വ്യക്തമാക്കി. കേപ് ന്യൂൻഹാം വിമാനത്താവളത്തിന് സമീപമുള്ള കരയിലാണ് വിമാനം തകർന്നുവീണതെന്നും NTSB, അലാസ്ക സ്റ്റേറ്റ് ട്രൂപ്പേഴ്സ്, റെസ്ക്യൂ കോഓർഡിനേഷൻ സെന്റർ എന്നിവയുടെ നേതൃത്വത്തിൽ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായും ജോൺസൺ പറഞ്ഞു.

അങ്കറേജിൽ നിന്ന് കേപ് ന്യൂൻഹാമിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അറിയിച്ചു. സെക്യൂരിറ്റി ഏവിയേഷൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനം ഗുഡ്‌ന്യൂസ് ബേയിൽ നിന്ന് ഏകദേശം 40 മൈൽ തെക്ക് സ്ഥിതി ചെയ്യുന്ന കേപ് ന്യൂൻഹാമിലേക്കാണ് പോയിരുന്നതെന്നും ക്ലിന്റ് ജോൺസൺ പറഞ്ഞു.

ലോങ് റേഞ്ച് റഡാർ സ്റ്റേഷനിലേക്ക് പ്രവേശനം നൽകുന്ന യുഎസ് എയർഫോഴ്സ് എയർസ്ട്രിപ്പാണ് കേപ് ന്യൂൻഹാം വിമാനത്താവളം. കേപ് ന്യൂൻഹാം ലോങ് റേഞ്ച് റഡാർ സൈറ്റിന് സമീപം വിമാന അപകടം ഉണ്ടായതായി വിവരം ലഭിച്ചതിനെ തുടർന്നാണ് തിരച്ചിൽ-രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് അലാസ്ക റെസ്ക്യൂ കോഓർഡിനേഷൻ സെന്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് പുറത്തുവിടുമെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങളോട് അധികൃതർ പ്രതികരിച്ചില്ല.

Eight people died when a charter plane crashed in the United States.

More Stories from this section

family-dental
witywide