
സി.എം.ആർ.എൽ മാസപ്പടിക്കേസിൽ വീണ വിജയന്റെ ഡയറിയിൽ കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഒമ്പത് ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ ലഭിച്ച സാമ്പത്തിക ഇടപാട് രേഖകൾ ഇ.ഡി വിശദമായി പരിശോധിച്ചു വരികയാണ്. വീണയ്ക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപ്പ്, വീണ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സൊലസ് കമ്പനി എന്നിവയെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.
ഡയറിയിലെ സാമ്പത്തിക വിവര ശേഖരണത്തിനൊപ്പം അതിന്റെ ആധികാരികത ഉറപ്പാക്കാൻ വീണയുടെ കൈയ്യെഴുത്ത് സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനും ഇ.ഡി നീക്കം നടത്തുന്നുണ്ട്. നിലവിലെ അന്വേഷണം വീണയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ കേന്ദ്രീകരിച്ചാണെന്ന് വ്യക്തമാക്കിയ ഇ.ഡി, ഓണാവധിക്ക് ശേഷം അടുത്ത ആഴ്ചയോടെ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടന്നേക്കും. അതേസമയം, ഇ.ഡി കണ്ടെത്തിയ കാര്യങ്ങളിൽ ബന്ധപ്പെട്ടവർ പ്രതികരിക്കട്ടെയെന്നും കാര്യങ്ങളെല്ലാം ജനങ്ങൾ കാണുന്നുണ്ടല്ലോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം അന്വേഷണം മന്ത്രി മുഹമ്മദ് റിയാസിനും സി.പി.എമ്മിനും നേരെ തിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് പാർട്ടി തീരുമാനം. അന്വേഷണം ബോധപൂർവം നീട്ടിക്കൊണ്ടുപോകുന്നതിൽ ദുരൂഹതയുണ്ടെന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനി വിമർശിച്ചു. കേസിൽ ഇ.ഡി നൽകുന്ന അപസർപ്പകഥകൾ മാധ്യമങ്ങൾ അതേപടി വിഴുങ്ങുകയാണെന്നും കുറ്റം തെളിയിക്കപ്പെടേണ്ടത് മാധ്യമങ്ങളിലല്ല, കോടതിയിലാണെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.
CMRL Pay-Off Case: ED Intensifies Probe Into Veena’s Financial Transactions; Deshabhimani Alleges Mystery in Delay











