വാഷിങ്ടൺ: മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസും ഭർത്താവും മുൻ സെക്കൻഡ് ജെന്റിൽമാനുമായ ഡഗ് എംഹോഫും വേർപിരിഞ്ഞ് താമസിക്കുന്നുവെന്ന അഭ്യൂഹങ്ങൾ അമേരിക്കൻ മാധ്യമങ്ങളിൽ വീണ്ടും സജീവമാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുവരും ഒരുമിച്ച് പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടാത്തതാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആലോചനകളിലും പുസ്തക പ്രചാരണ പരിപാടികളിലും കമല ഹാരിസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. രാജ്യത്തെ 33 നഗരങ്ങൾ ഉൾപ്പെടുത്തിയ പുസ്തക പര്യടനത്തിന്റെ വലിയൊരു ഭാഗത്തും ഡഗ് എംഹോഫ് പങ്കെടുത്തിരുന്നില്ല.
അതേസമയം, അടുത്തിടെ ലോസ് ആഞ്ചലസിൽ നടന്ന ഒരു ചടങ്ങിൽ മാനുഷിക സേവനത്തിനുള്ള പുരസ്കാരം എംഹോഫിന് ലഭിച്ചപ്പോൾ കമല ഹാരിസിന്റെ അഭാവവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ, കഴിഞ്ഞ ഡിസംബറിൽ കാലിഫോർണിയയിലെ മാലിബുവിൽ ദമ്പതികൾ 80 ലക്ഷം ഡോളർ വിലമതിക്കുന്ന ആഡംബര വസതി വാങ്ങിയതും വാർത്തകളിൽ ഇടംപിടിച്ചു. സുരക്ഷാ കാരണങ്ങളാലാണ് പുതിയ വീട് വാങ്ങിയതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ബ്രെന്റ്‌വുഡിലെ പഴയ വസതിയെ അപേക്ഷിച്ച് കൂടുതൽ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്ന സ്ഥലത്താണ് പുതിയ വീട് സ്ഥിതി ചെയ്യുന്നത്.
എന്നാൽ വേർപിരിയൽ അഭ്യൂഹങ്ങൾ ശക്തമാകുമ്പോഴും ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ പരസ്പരം സാന്നിധ്യമറിയിക്കുന്നുണ്ട്. ഈസ്റ്റർ ആഘോഷത്തിന്റെ ചിത്രങ്ങളും അടുത്തിടെ മാലിബുവിൽ ഒരുമിച്ച് ചെലവഴിച്ച സമയത്തിന്റെ ചിത്രങ്ങളും ഇവർ പങ്കുവച്ചിരുന്നു. 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡഗ് എംഹോഫിനെതിരെ ഉയർന്ന വ്യക്തിപരമായ വിവാദങ്ങളും വീണ്ടും ചർച്ചയാകുന്നുണ്ട്. ആദ്യ ഭാര്യയുമായുള്ള വിവാഹജീവിതത്തിനിടെ മറ്റൊരു ബന്ധം ഉണ്ടായിരുന്നുവെന്ന ആരോപണം അദ്ദേഹം നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ മുൻ കാമുകി ഉന്നയിച്ച ശാരീരിക ആക്രമണ ആരോപണം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച ആരോപണങ്ങളെ കമല ഹാരിസ് തന്റെ ‘107 ഡേയ്സ്’ എന്ന പുസ്തകത്തിൽ “വേദനാജനകവും അപമാനകരവുമായ അനുഭവങ്ങൾ” എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം, ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കുന്നുവെന്നോ വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്നോ സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പൊതുപരിപാടികളിലെ അസാന്നിധ്യമാണ് നിലവിൽ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നത്.
Kamala Harris and husband Doug Emhoff not living together? Ex-VP embraces ‘secluded’ new life after affair row













