വാഷിങ്ടണിൽ 11 പേരുമായി പോയ കെൻമോർ എയർ സീപ്ലെയിൻ തകർന്നുവീണു; എല്ലാവരെയും രക്ഷപ്പെടുത്തി

വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനത്തെ സൂഷ്യ ദ്വീപിന് (Sucia Island) സമീപം 11 പേരുമായി സഞ്ചരിച്ച കെൻമോർ എയറിന്റെ സീപ്ലെയിൻ തകർന്നുവീണു. വ്യാഴാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റെങ്കിലും വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) നൽകിയ വിവരമനുസരിച്ച്, ഡി ഹാവിലാൻഡ് DHC-3 എന്ന സീപ്ലെയിൻ പ്രാദേശിക സമയം വൈകിട്ട് 5.20ഓടെയാണ് അപകടത്തിൽപ്പെട്ടത്. സിയാറ്റിലിലെ ലേക്ക് യൂണിയനിൽ നിന്ന് 10 യാത്രക്കാരും ഒരു പൈലറ്റുമായി വിമാനം പുറപ്പെട്ടതാണെന്ന് കെൻമോർ എയർ അറിയിച്ചു. സാൻ ജുവാൻ കൗണ്ടി ഷെരീഫ് എറിക് പീറ്റർ പറഞ്ഞതനുസരിച്ച്, സമീപത്തുണ്ടായിരുന്ന ഒരു സ്വകാര്യ ബോട്ടാണ് അപകടം നേരിൽ കണ്ടത്. തുടർന്ന് ബോട്ടിലുണ്ടായിരുന്നവർ വെള്ളത്തിലേക്ക് വീണ യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു.

എല്ലാവരുടെയും സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ഞങ്ങൾ സ്ഥലത്തെത്തുമ്പോഴേക്കും വിമാനം തീപിടിച്ച് മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് ഷെരീഫ് പറഞ്ഞു. അമേരിക്കൻ നാവികസേന ഹെലികോപ്റ്റർ ഉപയോഗിച്ച് ചിലരെ അപകടസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ നാല് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയതായും മറ്റ് യാത്രക്കാരെ ബെല്ലിംഗ്ഹാം കോസ്റ്റ് ഗാർഡ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും കെൻമോർ എയർ അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി കണ്ടെത്താനായതിൽ ആശ്വാസമുണ്ട്. യാത്രക്കാരും പൈലറ്റും ആവശ്യമായ ചികിത്സയും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്ന് കെൻമോർ എയർ സി.ഇ.ഒ ഡേവിഡ് ഗഡ്ജൽ പറഞ്ഞു. അപകടകാരണം കണ്ടെത്താൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kenmore Air seaplane carrying 11 crashes near Washington’s Sucia Island

More Stories from this section

family-dental
witywide