വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് ലഭിച്ചാൽ 96 മണിക്കൂറിനുള്ളിൽ ഇറാനെതിരെ വൻതോതിലുള്ള ആക്രമണം നടത്താൻ യുഎസ് സൈന്യം സജ്ജമാണെന്ന് റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന യുഎസ് സൈനികസന്നാഹങ്ങൾ പുതിയ സൈനിക നീക്കത്തിന് പര്യാപ്തമാണെന്നാണ് വിലയിരുത്തൽ. ഇറാന്റെ സൈനികശേഷി ദുർബലപ്പെടുത്തുക മാത്രമായിരുന്ന മുൻ ആക്രമണങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇത്തവണ ഊർജ അടിസ്ഥാനസൗകര്യങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ആണവനിലയങ്ങൾ എന്നിവയുൾപ്പെടെ കൂടുതൽ ലക്ഷ്യങ്ങൾ ആക്രമിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ആക്രമണത്തിന്റെ കാര്യത്തിൽ ട്രംപ് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് പുതിയ സൈനിക നീക്കമുണ്ടായേക്കാമെന്നാണ് സൈനിക ആസൂത്രണത്തെക്കുറിച്ച് അറിയാവുന്ന നിലവിലെയും മുൻകാലത്തെയും ചില ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. നവംബറിലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമുള്ള കാലയളവാണ് ആക്രമണത്തിന് സാധ്യതയുള്ള സമയമായി കണക്കാക്കുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും പുതിയ ആക്രമണസാധ്യത ഇറാനും യെമനിലെ ഹൂതി വിമതരും ഗൗരവത്തോടെയാണ് കാണുന്നതെന്ന് യുഎസ് രഹസ്യാന്വേഷണ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു.
യുഎസോ ഇസ്രയേലോ ആക്രമണം നടത്തിയാൽ പശ്ചിമേഷ്യയിലുടനീളമുള്ള അമേരിക്കൻ സൈനികരെയും കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാനും ഹൂതികളും തിരിച്ചടിച്ചേക്കാം. മേഖലക്ക് പുറത്തേക്കും ആക്രമണം വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ ഉദ്യോഗസ്ഥരെ ലക്ഷ്യമിടാനുള്ള ശ്രമങ്ങൾ ഇറാൻ ശക്തമാക്കിയതായി ദേശീയ രഹസ്യാന്വേഷണ ഡയറക്ടർ ജെയ് ക്ലേറ്റൺ ഒക്ടോബർ 23ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് നൽകിയ മെമ്മോയിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ ഇറാൻ മുൻകൂർ ആക്രമണം നടത്താൻ സാധ്യത കുറവാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. എന്നാൽ, യുഎസോ ഇസ്രയേലോ ആദ്യം ആക്രമിച്ചാൽ ഇറാൻ തിരിച്ചടിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഭീഷണിയുടെ പശ്ചാത്തലത്തിൽ മേഖലയിലെ അമേരിക്കൻ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. റിയാദിലെ യുഎസ് എംബസിയിൽ ജീവനക്കാരുടെ നിർബന്ധിത പിന്മാറ്റ ഉത്തരവ് നിലവിലുണ്ട്. മറ്റ് നയതന്ത്ര ദൗത്യങ്ങളിലും സമാനമായ നിയന്ത്രണങ്ങളോ ജീവനക്കാരുടെ എണ്ണം കുറയ്ക്കലോ ഉണ്ടായേക്കാം. അടുത്ത സൈനിക വിന്യാസത്തിന്റെ ഭാഗമായി മേഖലയിലേക്ക് പോകേണ്ടിയിരുന്ന ചില അത്യാവശ്യമല്ലാത്ത സൈനിക ഉദ്യോഗസ്ഥരോട് യാത്ര ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലെ സംഘർഷം
ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷവും വാഷിങ്ടണിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ ഉപരോധം യുഎസ് സൈന്യം തുടരുന്നതിനൊപ്പം തന്ത്രപ്രധാനമായ കടലിടുക്കിലൂടെ വാണിജ്യ കപ്പലുകൾക്ക് സഞ്ചരിക്കാനുള്ള സഹായവും നൽകുന്നുണ്ട്. യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ ഞായറാഴ്ച ഹോർമുസ് കടലിടുക്ക് സന്ദർശിച്ചു. പ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യുന്ന നടപടികളിൽ ഏർപ്പെട്ടിരിക്കുന്ന സൈനികരുമായി കൂടിക്കാഴ്ചയും നടത്തി.
സംയുക്ത ആക്രമണത്തിന് ഇസ്രയേലിന്റെ സമ്മർദം
ഇറാനെതിരെ പുതിയ ആക്രമണങ്ങൾക്ക് പിന്തുണ നൽകണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിങ്ടണിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. എന്നാൽ, സംയുക്ത സൈനിക നീക്കത്തിന് ഇരുരാജ്യങ്ങളും തയ്യാറാകുന്നതുവരെ കാത്തിരിക്കണമെന്ന് യുഎസ് ഉദ്യോഗസ്ഥർ ഇസ്രയേലിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇറാനെതിരെ വീണ്ടും ആക്രമണം നടത്താനുള്ള പദ്ധതികൾ ഇസ്രയേൽ തയ്യാറാക്കുകയും ട്രംപ് ഭരണകൂടത്തിന്റെ പിന്തുണ തേടുകയും ചെയ്തിരുന്നു.
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം സംയുക്ത ആക്രമണം നടത്തുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നതിനാൽ പദ്ധതികൾ വൈകിയതായാണ് റിപ്പോർട്ട്. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും സൈനിക മേധാവി ഇയാൽ സമീറും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. നിർദിഷ്ട സൈനിക നീക്കം ഉടനടി സംഘർഷം രൂക്ഷമാക്കുമെന്ന ആശങ്കയിൽ കൂടുതൽ ചർച്ചകളും നിയമപരമായ അനുമതിയും സമീർ തേടിയതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, ഇസ്രയേൽ പ്രതിരോധ മന്ത്രി ഈ റിപ്പോർട്ട് നിഷേധിച്ചു. ഇറാൻ സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളും സൈന്യത്തിനും രഹസ്യാന്വേഷണ ഏജൻസികൾക്കും നൽകിയ നിർദേശങ്ങളിൽ ഉൾപ്പെടുന്നുവെന്ന് നെതന്യാഹു നേരത്തേ വ്യക്തമാക്കിയിരുന്നു. ഇറാൻ ഭരണകൂടത്തെ ദുർബലപ്പെടുത്തുന്നതിനപ്പുറം വ്യക്തമായ തന്ത്രപരമായ ലക്ഷ്യം ഇസ്രയേൽ നേതൃത്വം ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലെന്നും റിപ്പോർട്ടിൽ പറയുന്നു.
Is Trump waiting for midterms to end? US military ready to strike Iran within 96 hours, says report









