വിമാനറാഞ്ചൽ ഭീഷണി; യാത്രക്കാരൻ സന്ദേശമയക്കുന്നത് ജീവനക്കാരൻ കണ്ടു, ലാസ് വെഗാസിലേക്ക് തിരിച്ചിറക്കി യുണൈറ്റഡ് എയർലൈൻസ് വിമാനം

ലാസ് വെഗാസ്: വിമാനറാഞ്ചൽ ഭീഷണിയെ തുടർന്ന് ലാസ് വെഗാസിൽനിന്ന് ന്യൂവാർക്കിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസ് വിമാനം തിരിച്ചിറക്കി. ശനിയാഴ്ച രാത്രി പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരൻ വിമാനം റാഞ്ചുമെന്ന് ഫോണിലൂടെ സന്ദേശമയക്കുന്നത് ഫ്ലൈറ്റ് അറ്റൻഡന്റിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.

വിവരം ലഭിച്ചതോടെ പൈലറ്റ് കോക്പിറ്റ് സുരക്ഷിതമാക്കുകയും വിമാനം ലാസ് വെഗാസിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. യാത്രക്കാരൻ സംഭവവികാസങ്ങളെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് എയർ ട്രാഫിക് കൺട്രോളിനെ പൈലറ്റ് അറിയിച്ചു.

“വിമാനം റാഞ്ചാൻ പോകുകയാണെന്ന് യാത്രക്കാരൻ സന്ദേശമയക്കുന്നത് ഫ്ലൈറ്റ് അറ്റൻഡന്റ് കണ്ടു. അവർ എന്നെ വിവരമറിയിച്ചു. തുടർന്ന് കോക്പിറ്റ് സുരക്ഷിതമാക്കി വിമാനം ലാസ് വെഗാസിലേക്ക് തിരിച്ചിറക്കി,” എയർ ട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയത്തിന്റെ ശബ്ദരേഖയിൽ പൈലറ്റ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

ഒക്ടോബർ 24ന് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 1681-ൽ 150 യാത്രക്കാരും ആറ് ജീവനക്കാരുമുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ബോയിങ് 737 മാക്സ് 8 വിമാനം ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ വിമാനത്തിനുള്ളിൽ മറ്റ് ഭീഷണികളൊന്നും കണ്ടെത്തിയില്ല. യാത്രക്കാരന്റെ പേരോ സന്ദേശത്തിന്റെ പൂർണരൂപമോ അധികൃതർ പുറത്തുവിട്ടിട്ടില്ല.

വിമാനം തിരിച്ചിറക്കിയതോടെ ജീവനക്കാരുടെ ജോലി സമയം അവസാനിക്കുകയും യാത്രക്കാർക്ക് രാത്രി മുഴുവൻ കാത്തിരിക്കേണ്ടിവരികയും ചെയ്തു. ഇവരെ ഞായറാഴ്ച രാവിലെ പുറപ്പെട്ട മറ്റൊരു വിമാനത്തിൽ ന്യൂവാർക്കിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച ഉച്ചയോടെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന രീതിയിലായിരുന്നു യാത്ര പുനഃക്രമീകരിച്ചത്.

United flight returns to Las Vegas over hijacking threat: ‘The flight attendant saw him texting’

More Stories from this section

family-dental
witywide