വാഷിങ്ടൺ: സിഎൻഎൻ, പൊളിറ്റിക്കോ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളുടെ പ്രവർത്തനങ്ങൾക്ക് വൈറ്റ് ഹൗസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ആറ് അമേരിക്കൻ പൗരന്മാർ കോടതിയിൽ. മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിക്കുന്നത് സ്വതന്ത്ര വാർത്തകൾ അറിയാനുള്ള പൊതുജനങ്ങളുടെ ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ വാദം.
ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് ഫെഡറൽ കോടതിയിൽ ഒക്ടോബർ 26നാണ് റോത്ത് v. ട്രംപ് എന്ന പേരിൽ കേസ് ഫയൽ ചെയ്തത്. കൊളംബിയ സർവകലാശാലയിലെ നൈറ്റ് ഫസ്റ്റ് അമെൻഡ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും യേൽ ലോ സ്കൂളിലെ മീഡിയ ഫ്രീഡം ആൻഡ് ഇൻഫർമേഷൻ ആക്സസ് ക്ലിനിക്കും ചേർന്നാണ് ഹർജി നൽകിയത്. മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾക്കൊപ്പം വാർത്തകൾ വായിക്കുകയും കാണുകയും ചെയ്യുന്ന സാധാരണ പൗരന്മാരുടെ അവകാശങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ് ഹർജി. മാധ്യമങ്ങളെ ശിക്ഷിക്കാനും സർക്കാരിന്റെ നയങ്ങളെക്കുറിച്ചുള്ള സ്വതന്ത്ര റിപ്പോർട്ടിങ് തടയാനുമാണ് വൈറ്റ് ഹൗസിന്റെ നീക്കമെന്ന് ഹർജിക്കാർ ആരോപിക്കുന്നു.
ഹർജിയിൽ പറയുന്നതനുസരിച്ച്, മനുഷ്യാവകാശ പ്രവർത്തകൻ കെന്നത്ത് റോത്ത്, മാധ്യമപ്രവർത്തകൻ ഡാനിയൽ ഫ്രൂംകിൻ, ചരിത്രകാരി ബെവർലി ഗേജ്, അധ്യാപകൻ പീറ്റർ ഷ്മിറ്റ്-നോവാര, നിയമകാര്യ മാധ്യമസ്ഥാപനമായ ലോഫെയറിന്റെ എഡിറ്റർ ബെഞ്ചമിൻ വിറ്റ്സ്, വിദ്യാർഥി മാധ്യമപ്രവർത്തകൻ ഈഥൻ യങ് എന്നിവരാണ് ഹർജിക്കാർ.
അതേസമയം, സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമസ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസിൽ പ്രവേശനം നിഷേധിച്ച നടപടി നേരത്തേ കോടതി തടഞ്ഞിരുന്നു. ഒക്ടോബർ 13ന് മാധ്യമസ്ഥാപനങ്ങൾക്ക് പ്രവേശനം തുടരാൻ അനുവദിച്ചുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പുതിയ ഹർജിയിലൂടെ മാധ്യമസ്ഥാപനങ്ങൾക്ക് പ്രവേശനം പുനഃസ്ഥാപിക്കുക മാത്രമല്ല, വാർത്തകളുടെ ഉള്ളടക്കത്തിന്റെ പേരിൽ വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരോട് പ്രതികാരനടപടി സ്വീകരിക്കുന്നത് തടയുന്ന വിപുലമായ ഉത്തരവും ഹർജിക്കാർ ആവശ്യപ്പെടുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്.
Six Americans sue Donald Trump over White House restrictions on CNN, Politico and other journalists, arguing the bans deny ordinary citizens independent news even after a judge blocked earlier exclusions











