ഖർഗെ കർണാടകയിലേക്ക് മടങ്ങി, രാഹുലുമായുള്ള കൂടിക്കാഴ്ച നീളും, കേരള മുഖ്യമന്ത്രി പ്രഖ്യാപനം തിങ്കളാഴ്ചയ്ക്ക് ശേഷം

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നും ഉണ്ടായേക്കില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്ക് മടങ്ങിയതാണ് പ്രഖ്യാപനം നീളാൻ പ്രധാന കാരണം. മുതിർന്ന നേതാവും മന്ത്രിയുമായ ഡി. സുധാകറിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം പോയത്. ഇതോടെ രാഹുൽ ഗാന്ധിയുമായി നടത്താനിരുന്ന നിർണ്ണായക കൂടിക്കാഴ്ച മാറ്റിവെച്ചു. തിങ്കളാഴ്ച ഖാർഗെ ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം മാത്രമാകും ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക.

മുഖ്യമന്ത്രി പദത്തിനായി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണനയിലുള്ളത്. ഇതിൽ കെ.സി. വേണുഗോപാലിനാണ് ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയുള്ളതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഖാർഗെയുടെ വസതിയിൽ മൂന്ന് മണിക്കൂർ നീണ്ട ചർച്ച നടന്നെങ്കിലും സമവായത്തിലെത്താൻ സാധിച്ചിരുന്നില്ല. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാകും പ്രഖ്യാപനം.

അതിനിടെ, നേതാക്കൾക്കായി അണികൾ നടത്തുന്ന ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളിൽ രാഹുൽ ഗാന്ധി അതൃപ്തി രേഖപ്പെടുത്തി. ഗ്രൂപ്പ് കളി അവസാനിപ്പിക്കാൻ മൂന്ന് നേതാക്കൾക്കും അദ്ദേഹം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വരും ദിവസങ്ങളിൽ ഹൈക്കമാൻഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തും. അന്തിമ തീരുമാനം വരുന്നത് വരെ സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ തുടരുകയാണ്.

Kerala CM Announcement Delayed; Kharge Returns to Karnataka

More Stories from this section

family-dental
witywide