ഒമാൻ ഉൾക്കടലിൽ മൂന്ന് ഇന്ത്യൻ നാവികർ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഈ ദാരുണ സംഭവത്തിൽ പ്രധാനമന്ത്രി തികഞ്ഞ മൗനം പാലിക്കുകയാണെന്നും, യുഎസിന്റെ കൽപ്പനകൾ ഒരു സേവകനെപ്പോലെ അനുസരിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ കടുത്ത പ്രതികരണം.
മൂന്ന് ഇന്ത്യൻ നാവികരുടെ ജീവൻ നഷ്ടപ്പെട്ടിട്ടും യുഎസിന് യാതൊരുവിധ പശ്ചാത്താപവുമില്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. അവർ വീണ്ടും ഉത്തരവുകൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയാണ്. യുഎസ് സൈനികരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ഒരു തരത്തിലുള്ള ലംഘനവും വച്ചുപൊറുപ്പിക്കില്ലെന്നുമാണ് അവർ വ്യക്തമാക്കുന്നത്. ഇത്തരമൊരു ഭാഷയും നിലപാടും സ്വതന്ത്ര പരമാധികാരമുള്ള ഒരു രാജ്യം ഒരിക്കലും അംഗീകരിക്കില്ലെന്നും, എന്നാൽ നമ്മുടെ പ്രധാനമന്ത്രി എല്ലാം കേട്ട് അനുസരണയോടെ ഇരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്ന പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന നിശബ്ദതയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ശക്തമായി വിമർശിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെ മോദി അവഹേളിച്ചതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ലെന്ന് ഖർഗെ പറഞ്ഞു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട യുഎസ് നിർദേശങ്ങൾ എല്ലാ വാണിജ്യ കപ്പലുകളും കൃത്യമായി പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കർശനമായി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ നാവികരുടെ മരണത്തിൽ പ്രതിഷേധം അറിയിക്കാൻ വിളിച്ചപ്പോഴാണ്, യുഎസിന്റെ ഉപരോധം ലംഘിക്കുന്നതും ഇറാനിയൻ എണ്ണ അനധികൃതമായി കടത്തുന്നതും പൊറുക്കാനാവില്ലെന്ന മുന്നറിയിപ്പ് റൂബിയോ ഇന്ത്യക്ക് നൽകിയത്.
Rahul Gandhi Slams PM Modi’s Silence Over Death of Indian Sailors in US Attack Says US Has No Regrets














