
തിരുവനന്തപുരം: കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കോൺഗ്രസ് ചർച്ചകൾക്കിടെ സംസ്ഥാനത്ത് രാഷ്ട്രീയപ്പോര് ശക്തമാകുന്നു. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലും എറണാകുളത്തും അദ്ദേഹത്തെ അനുകൂലിക്കുന്ന പ്രവർത്തകർ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. എറണാകുളം നെട്ടൂരിലും കണ്ണൂരിലെ ഇരിട്ടിയിലുമായിരുന്നു പ്രതിഷേധ പ്രകടനങ്ങൾ. “പട നയിച്ചവൻ നാട് ഭരിക്കട്ടെ” എന്ന മുദ്രാവാക്യമുള്ള ബാനറുകളുമായാണ് പ്രവർത്തകർ രംഗത്തെത്തിയത്. ഇരിട്ടിയിലെ പ്രകടനത്തിൽ കടുത്ത മുദ്രാവാക്യങ്ങളും ഉയർന്നു.
അതേസമയം, തിരുവനന്തപുരത്ത് കെ.സി. വേണുഗോപാലിനെ പിന്തുണക്കുന്ന പ്രവർത്തകർ അദ്ദേഹത്തിന്റെ ഫ്ലക്സിൽ പാലഭിഷേകം നടത്തി.ഇതിനിടെ ആലപ്പുഴ ഡിസിസി ഓഫീസിന് സമീപം കെ.സി. വേണുഗോപാലിനെതിരെ ബാനർ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് കോൺഗ്രസ് പ്രവർത്തകർ അത് നീക്കം ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിലും ശക്തമാണ്. “ജെൻസി പ്രതിഷേധം” എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. “പടവെട്ടിയവൻ ഭരിക്കട്ടെ” എന്ന തലക്കെട്ടോടെ വി.ഡി. സതീശന്റെ ചിത്രം ഉൾപ്പെടുത്തിയുള്ള പ്രചാരണമാണ് നടക്കുന്നത്. ഹൈക്കമാൻഡിന് മുന്നറിയിപ്പും ഈ കാമ്പയിനിലൂടെ നൽകുന്നുണ്ട്. ഇതിനോടകം 35,000ലധികം പേർ ഈ പ്രചാരണത്തിന്റെ ഭാഗമായതായി റിപ്പോർട്ടുണ്ട്.
യുഡിഎഫ് അനുകൂല സോഷ്യൽ മീഡിയ പ്രൊഫൈലുകളിലാണ് ഈ പ്രചാരണം വ്യാപകമാകുന്നത്.കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് താഴെ ഒന്നരലക്ഷത്തോളം കമന്റുകളാണ് വന്നിരിക്കുന്നത്. അതിൽ ഭൂരിഭാഗവും വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് കമന്റുകളാണ്. ഇതിനിടെ കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങൾ ശേഖരിച്ചുവരികയാണ്. രാവിലെ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അധികാരം ഹൈക്കമാൻഡിന് വിട്ടുകൊണ്ടുള്ള പ്രമേയം പാസാക്കി പിരിഞ്ഞു. തുടർന്ന് കോൺഗ്രസ് എംഎൽഎമാരുമായും ഘടകകക്ഷി നേതാക്കളുമായും നിരീക്ഷകർ പ്രത്യേകം ചർച്ച നടത്തി.ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാർ കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായാണ് സൂചന. അതേസമയം, പ്രധാന ഘടകകക്ഷികളായ മുസ്ലിം ലീഗും കേരള കോൺഗ്രസും വി.ഡി. സതീശനെ അനുകൂലിച്ചുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.ർലീഗിന്റെ നിലപാട് കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ജനവികാരം പരിഗണിക്കണമെന്ന അഭിപ്രായമാണ് അറിയിച്ചതെന്ന് പി.ജെ. ജോസഫും പറഞ്ഞു.
ശേഖരിച്ച അഭിപ്രായങ്ങൾ ഏകോപിപ്പിച്ച് ഇന്നോ നാളെയോ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അജയ് മാക്കനും മുകുൾ വാസ്‌നിക്കും അറിയിച്ചു. മുഖ്യമന്ത്രിയെക്കുറിച്ചുള്ള അന്തിമ പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.













