തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിലെ അംഗീകൃത ഷൂട്ടർമാർക്ക് കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ പിടികൂടാൻ വെടിവെക്കാനുള്ള അനുമതി വിപുലീകരിച്ച് ഉത്തരവ് പുറത്തിറക്കി വനംവകുപ്പ്. അംഗീകൃത ഷൂട്ടർമാരുടെ പ്രവർത്തന പരിധി വിപുലീകരിച്ചു കൊണ്ടാണ് ഉത്തരവ്. മുമ്പ് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ പട്ടികയിൽ ഉള്ള അംഗീകൃത ഷൂട്ടർമാർക്ക് ആ പരിധിയിൽ മാത്രമേ കാട്ടുപന്നിയെ വെടിവെക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ, വിപുലീകരിച്ച ഉത്തരവ് പ്രകാരം അംഗീകൃത ഷൂട്ടർ ആണെങ്കിൽ സംസ്ഥാനത്തിൽ എവിടെ വേണമെങ്കിലും കാട്ടുപന്നിയെ വെടിവയ്ക്കാം എന്ന് പറയുന്നു.
ജനവാസ മേഖലകളിൽ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്കോവന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, ഉത്തരവ് നൽകാം. പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ, കോർപറേഷൻ മേയർമാർ എന്നിവരെ ഓണററി വൈൽഡ് ലൈഫ് വാർഡൻമാരായും ബന്ധപ്പെട്ട സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായും നിയമിച്ചിട്ടുണ്ട്.
നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെ കാട്ടുപന്നിയെ കൊല്ലുന്നതും മാംസം ഉപയോഗിക്കുന്നതും ഗുരുതര കുറ്റമാണ്. ഇത്തരത്തിലുള്ള കുറ്റങ്ങൾക്ക് മൂന്ന് വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, സംസ്ഥാനത്തെ 95 ശതമാനം പഞ്ചായത്തുകളിലും കാട്ടുപന്നികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. കൃഷിനാശവും മനുഷ്യർക്കുള്ള ഭീഷണിയും വർധിച്ചതോടെ കാട്ടുപന്നി നിയന്ത്രണത്തിന് പ്രത്യേക നടപടികളാണ് സർക്കാർ നടപ്പാക്കുന്നത്.
The Forest Department has issued an order expanding the authorization for authorized shooters under local self-government institutions to shoot and eliminate wild boars that have become a nuisance, anywhere in Kerala.










