ഇഡി ഉദ്യാഗസ്ഥരെ ആക്രിച്ച കേസ്; ഒമ്പതാം പ്രതി ഹരീഷ് കുമാറിന്‍റെ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി നൽകി പൊലീസും എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റും

തിരുവനന്തപുരം: ഇഡി ഉദ്യാഗസ്ഥരെ ആക്രിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതില്‍ അസാധാരണ നടപടികളുമായി പൊലീസും എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റും. ജാമ്യം അനുവദിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ കൊണ്ട് തന്നെ വിധി റദ്ദാക്കാന് പൊലീസ് ഹര്‍ജി നല്‍കി. ജാമ്യം നല്‍കിയ ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിലും അപ്പീല്‍ നല്‍കി. അതേസമയം, ഇഡിയുടെ കൂടി വാദം കേള്‍ക്കാനായി പന്ത്രണ്ടാം പ്രതി ലെനിന്‍ രാജിന്‍റെ ജാമ്യ ഹര്‍ജിയില് വിധി പറയുന്നത് കോടതി മാറ്റിവെച്ചു. ജാമ്യം നല്‍കരുതെന്ന പൊലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി വാദിച്ചതാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കാന് ഇടയാക്കിയത്.

ഇടതു ഭരണത്തില് സിപിഎം പ്രതിനിധിയായി നിയോഗിച്ചയാളാണ് ഗീനാകുമാരി. ഗീനാകുമാരിയുടെ നടപടി വലിയ വിവാദമായതോടെയാണ് ജാമ്യം അനുവദിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ കൊണ്ട് തന്നെ വിധി റദ്ദാക്കാൻ പൊലീസ് ഹര്‍ജി നല്‍കിയത്.ഹരീഷ് കുമാറിന്‍റെ ജാമ്യം ചോദ്യം ചെയ്ത് രാവിലെയാണ് ഇഡി ഹൈക്കോടതിയില്‍ അപ്പീല് ഫയല് ചെയ്തത്. ബംഗാള്‍ മോഡലില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് ഹര്‍ജിയില്‍ ഇഡി വാദിക്കുന്നു. സിപിഎം നേതാക്കള്‍ തന്നെ ഇതിനായി ഗൂഡാലോചന നടത്തി. പൊലീസ് റിപ്പോര്‍ട്ടിനെതിരെ വാദിച്ച പ്രോസിക്യൂട്ടറുടെ നടപടി സംശയാസ്പദമാണെന്നും ഈ സാഹചര്യത്തില്‍ ഹരീഷ് കുമാറിന്‍റെ ജാമ്യം റദ്ദാക്കണം എന്നുമാണ് ഇഡിയുടെ അപ്പീലിലെ വാദം.

കേസിൽ ബിഎന്‍എസ് 483 സെക്ഷന്‍ 3 പ്രകാരമാണ് പൊലീസ് നടപടി. തെറ്റായ വിവരത്തിന്‍റെയോ വാദങ്ങളുടെയോ അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കിയതെങ്കില്‍ അതേ കോടതിക്ക് തന്നെ വിധി തിരുത്താന് അധികാരം നല്‍കുന്നതാണ് വകുപ്പ്. ജാമ്യം നല്‍കരുതെന്ന റിപ്പോര്‍ട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടർ വാദിച്ചത് മൂലമാണ് കോടതി ഉത്തരവുണ്ടായതെന്നും അത് കൊണ്ട് വിധി തിരുത്തണം എന്നുമാണ് പൊലീസിന്‍റെ ആവശ്യം. കേസിൽ കക്ഷി ചേരണമെന്ന ഇഡിയുടെ ഹര്‍ജിയും കോടതി അനുവദിച്ചു. തുടര്‍ന്ന് കേസിൽ വിശദമായ വാദം കേള്‍ക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. ഈ കേസിലും തങ്ങളെ കേട്ട ശേഷം മാത്രമേ വിധി പറയാവൂ എന്ന് ഇഡി അഭിഭാഷകന് വാദിച്ചു. ഇതോടെ ഈ കേസിലെ വിധിയും കോടതി മാറ്റിവെക്കുകയായിരുന്നു.

Case against ED officials; Police and Enforcement Directorate file petition to cancel bail of ninth accused Harish Kumar

More Stories from this section

family-dental
witywide