ഹോർമുസ് കടലിടുക്കിൽ സ്വതന്ത്ര കപ്പൽ ഗതാഗതം ഉറപ്പാക്കണം; ഇറാൻ പ്രസിഡൻ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതവും വാണിജ്യവും സംരക്ഷിക്കേണ്ടത് ഇന്ത്യയ്ക്കും ലോകത്തിനും അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഭാവി നടപടികളും ഇറാൻ പ്രസിഡൻ്റ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിലെ പുരോഗതിയെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, എല്ലാ പ്രശ്നങ്ങളും നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ പരിഹരിക്കാവൂ എന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു. പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിനായി ഇരുരാജ്യങ്ങളും സംയുക്ത ശ്രമങ്ങൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന മൂന്നാമത്തെ ഫോൺ സംഭാഷണമാണിത്.

അടുത്തിടെ അന്തരിച്ച ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ മരണാനന്തര ചടങ്ങുകളിലേക്ക് പ്രസിഡൻ്റ് പെസെഷ്കിയാൻ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിരുന്നു. ജൂലൈ 4-ന് ആരംഭിക്കുന്ന മൾട്ടി-ഡേ ചടങ്ങുകളിലേക്ക് പ്രധാനമന്ത്രിക്ക് പകരം പ്രത്യേക ഇന്ത്യൻ പ്രതിനിധി സംഘത്തെ അയക്കാനാണ് ഇന്ത്യയുടെ തീരുമാനം. വിദേശകാര്യ സഹമന്ത്രി പബിത്ര മർഹെറിറ്റ, ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക.

ജി.സി.സി രാജ്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുമ്പോഴും, ഇറാനുമായുള്ള സൗഹൃദം ശക്തമായി നിലനിർത്തുന്ന ഇന്ത്യയുടെ സമതുലിതമായ നയതന്ത്ര നിലപാടാണ് ഈ ചർച്ചയിലൂടെ ഒരിക്കൽ കൂടി വ്യക്തമാകുന്നത്.

PM Narendra Modi speaks to Iranian President over phone, urges freedom of navigation in Strait of Hormuz

More Stories from this section

family-dental
witywide