‘യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമില്ല, ഭരണഘടന ഇപ്പോഴുള്ളതുപോലെ തന്നെ മനോഹരമാണ്’; നിലപാട് വ്യക്തമാക്കി സൊഹ്റാൻ മംദാനി

വാഷിംഗ്ടൺ: തനിക്ക് യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടുന്നതിനായി രാജ്യത്തിൻ്റെ ഭരണഘടന ഭേദഗതി ചെയ്യേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനി. നിലവിലുള്ള അമേരിക്കൻ ഭരണഘടന അത് ഇരിക്കുന്ന രീതിയിൽ തന്നെ മനോഹരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എബിസി ന്യൂസിൻ്റെ ‘ദിസ് വീക്ക്’ എന്ന പരിപാടിയിൽ മാധ്യമപ്രവർത്തകൻ ജൊനാഥൻ കാർലുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്.

അമേരിക്കൻ ഭരണഘടനയനുസരിച്ച് രാജ്യത്തിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ജന്മനാ യുഎസ് പൗരനായിരിക്കണം എന്ന നിയമമുണ്ട്. ഉഗാണ്ടയിലെ കാമ്പാലയിൽ ജനിച്ച് ഏഴാം വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറുകയും പിന്നീട് പൗരത്വം നേടുകയും ചെയ്ത സൊഹ്റാൻ മംദാനിക്ക് ഈ നിയമം മൂലം യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധിക്കില്ല. മംദാനിക്ക് പ്രസിഡൻ്റാകാൻ ആവശ്യമായ പ്രായപരിധി (35 വയസ്സ്) തികയാൻ പോകുകയാണെന്ന് ജൊനാഥൻ കാർൽ ചൂണ്ടിക്കാണിച്ചപ്പോഴാണ് ഭരണഘടനാ ഭേദഗതിയെക്കുറിച്ചുള്ള ചോദ്യം ഉയർന്നത്.

ചോദ്യത്തോട് ചിരിയോടെ പ്രതികരിച്ച മംദാനി പറഞ്ഞത് ഇങ്ങനെയായിരുന്നു:”ഭരണഘടന ഇപ്പോഴുള്ളതുപോലെ തന്നെ മനോഹരമാണെന്നാണ് ഞാൻ കരുതുന്നത്. ന്യൂയോർക്ക് സിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. എന്തായാലും എൻ്റെ പ്രായമാകുന്നതിനെക്കുറിച്ച് എന്നെ ഓർമ്മിപ്പിച്ചതിന് നന്ദി.”

ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിന് അമേരിക്കയിൽ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടാൻ സാധിക്കുമോ എന്ന ചോദ്യത്തിന്, ജനകീയമായ ഒരു വിഷൻ ഉണ്ടെങ്കിൽ രാജ്യത്ത് ഏത് പദവിയിലേക്കും ഒരു സോഷ്യലിസ്റ്റിന് തിരഞ്ഞെടുക്കപ്പെടാൻ സാധിക്കുമെന്ന് മംദാനി മറുപടി നൽകി. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കൺസൾട്ടൻ്റുമാർ തയ്യാറാക്കുന്ന തരം പ്രസ്താവനകൾക്ക് പകരം സാധാരണക്കാരുടെ വാടക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, കുട്ടികളുടെ സംരക്ഷണം എന്നിവയ്ക്ക് പരിഹാരം കാണുന്ന നയങ്ങളാണ് 2028-ലെ തിരഞ്ഞെടുപ്പിൽ പാർട്ടി മുന്നോട്ട് വെക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ നടന്ന യുഎസ് ഹൗസ് പ്രൈമറി തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മംദാനി പിന്തുണച്ച മൂന്ന് പുരോഗമന ചിന്താഗതിക്കാരായ സ്ഥാനാർത്ഥികൾ വൻ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള നേതാവായി മംദാനി ഉയർന്നുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ ഈ പ്രതികരണം ശ്രദ്ധേയമാകുന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായിക മീരാ നായരുടെയും നരവംശശാസ്ത്രജ്ഞനായ മഹ്മൂദ് മംദാനിയുടെയും മകനാണ് മുപ്പത്തിനാലുകാരനായ സൊഹ്റാൻ മംദാനി.

‘I have no interest in running for US president, the constitution is beautiful as it is’; Sohran Mandani clarifies his stance

More Stories from this section

family-dental
witywide