
ടെഹ്റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്കിടയിലും തങ്ങൾ പൂർണ്ണ നിയന്ത്രണം നിലനിർത്തുന്നുണ്ടെന്ന് സ്വന്തം ജനങ്ങളെയും ലോകരാഷ്ട്രങ്ങളെയും ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തലസ്ഥാനമായ ടെഹ്‌റാനിൽ പ്രകോപനപരമായ ബിൽബോർഡുകളും പോസ്റ്ററുകളും സ്ഥാപിച്ച് ഇറാൻ ഭരണകൂടം. അമേരിക്കൻ തകർച്ച പ്രഖ്യാപിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നഗരത്തിലുടനീളം ഉയർത്തിയിരിക്കുന്നത്. ടെഹ്‌റാനിൽ സ്ഥാപിച്ചിരിക്കുന്ന ഒരു കൂറ്റൻ ബിൽബോർഡിൽ അമേരിക്കയുടെ പ്രതീകമായ സ്റ്റാച്യു ഓഫ് ലിബർട്ടി തകർന്നു വീഴുന്ന ചിത്രമാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഇതിനു ചുറ്റും “ഹുസൈന്റെ പ്രതികാരം വീട്ടുന്നവരെ” എന്നെഴുതിയ പതാകകളേന്തി ആളുകൾ നിൽക്കുന്നതും കാണാം. ഷിയാ വിശ്വാസത്തിലെ പ്രമുഖ വ്യക്തിത്വമായ ഇമാം ഹുസൈൻ ബിൻ അലിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്ന ഓർമ്മപ്പെടുത്തലാണ് ഇത് നൽകുന്നത്. ഇതിന്റെ മുകൾ ഭാഗത്തായി, “എന്റെ ഇമാമിനെ കൊലപ്പെടുത്തിയവനെ ഞങ്ങൾ കൊല്ലാതെ വിടുന്നതെങ്ങനെ? നിങ്ങളെ വധിച്ചവനെ ഞങ്ങൾ വധിച്ചില്ലെങ്കിൽ അത് ഞങ്ങൾക്ക് അപമാനമാണ്” എന്ന വാചകവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലുമായും അമേരിക്കയുമായും ആരംഭിച്ച യുദ്ധത്തിന്റെ തുടക്കത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അയാത്തുള്ള അലി ഖമേനിയെ ഉദ്ദേശിച്ചാണ് ഇവിടെ “ഇമാം” എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
മറ്റൊരു പ്രചാരണ പോസ്റ്ററിൽ അയാത്തുള്ള ഖമേനിയുടെ ചിത്രം പതിച്ച വസ്ത്രം ധരിച്ച ഒരു യോദ്ധാവ് ഇമാം ഹുസൈന്റെ സ്മരണയുണർത്തുന്ന ചുവന്ന പതാകയേന്തി നിൽക്കുന്ന ചിത്രമാണുള്ളത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ തീരത്ത് ഒരു അസ്ഥികൂടം കിടക്കുന്നതും, ഇറാന്റെ പതാകയേന്തിയ കപ്പൽ കടന്നുപോകുന്നതുമാണ് വേറൊരു ബിൽബോർഡിലുള്ളത്. ഈ കപ്പലിൽ “പേർഷ്യൻ ഉൾക്കടൽ” എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ സൈനിക ശക്തിയും പ്രതിരോധ വീര്യവും പ്രദർശിപ്പിക്കുന്നതിനായി ഇറാൻ പതിവായി ഇത്തരം ബിൽബോർഡുകൾ നഗരങ്ങളിൽ സ്ഥാപിക്കാറുണ്ട്. കഴിഞ്ഞ മാസവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കഴുത്ത് നിരവധി കൈകൾ ചേർന്ന് ഞെരിക്കുന്ന രീതിയിലുള്ള കൂറ്റൻ പോസ്റ്റർ അധികൃതർ ഉയർത്തിയിരുന്നു. “പ്രതികാരം അനിവാര്യമാണ്” എന്ന മുന്നറിയിപ്പ് ഇംഗ്ലീഷിലും ഫാഴ്‌സി ഭാഷയിലും ആ പോസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു.











