
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ സർക്കാർ തീരുമാനം. 18 അധ്യാപക തസ്തികകളിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.
മൂന്ന് പുതിയ എൻഡിപിഎസ് കോടതികൾ
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൂന്ന് പുതിയ എൻഡിപിഎസ് കോടതികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേരി, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലായിരിക്കും കോടതികൾ പ്രവർത്തനം ആരംഭിക്കുക. ചേന്തിയിൽ തന്നെ ആരും തടഞ്ഞിട്ടില്ലെന്നും എന്നാൽ മോശമായി പെരുമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ല. ചേന്തിയിലെ പരിപാടി ഉപേക്ഷിച്ചിരുന്നുവെന്നും ഇതുസംബന്ധിച്ച് പൊലീസ് റിപ്പോർട്ട് ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേമാതരം പാടിയത് കേന്ദ്ര പ്രോട്ടോക്കോൾ പ്രകാരം
വന്ദേമാതരം പാടിയത് കേന്ദ്ര പ്രോട്ടോക്കോൾ പ്രകാരമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടികൾക്ക് പ്രോട്ടോക്കോൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇത് പുരോഗമന കേരളത്തിന് ചേർന്ന പ്രസ്താവനയല്ല. ഇസ്ലാമിനെപ്പോലും തെറ്റായി വ്യാഖ്യാനിക്കുന്നതാണ് പ്രസ്താവനയെന്നും അദ്ദേഹം പ്രതികരിച്ചു.
മെസിയുടെ പേരിലെ തട്ടിപ്പ്: അന്വേഷണത്തിൽ ഉടൻ തീരുമാനം
മെസിയുടെ പേരുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലെ അന്വേഷണത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജിഎസ്ടിയിൽ വലിയ തട്ടിപ്പ് നടന്നിട്ടുണ്ട്. ആഭ്യന്തരവകുപ്പ് ഉടൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിൽ കലാപം നടക്കുകയാണെന്നും സിപിഎമ്മിൽ അസാധാരണമായ പ്രശ്നങ്ങളുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. തങ്ങൾ പുറത്തുനിന്ന് ഇതെല്ലാം ആസ്വദിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, സിപിഐയുടെ കാര്യത്തിൽ ഒരു രാഷ്ട്രീയ തീരുമാനവും എടുത്തിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.















