
ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോൾ ലീഗ് കിരീടം നിലനിർത്തി അജയ്യരായി എഫ് സി ബാഴ്‌സലോണ. എൽ ക്ലോസിക്കോയിൽ റയൽ മഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബാഴ്‌സ വീണ്ടും കിരീടം സ്വന്തമാക്കിയത്. ബാഴ്‌സയുടെ 29-ാം ലാ ലിഗ കിരീടമാണിത്.
മാർക്കസ് റാഷ്‌ഫോർഡ് ,ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്‌സക്കുവേണ്ടി സ്‌കോർ ചെയ്തത്. മൂന്ന് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചിരിക്കുന്നത്.
ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. വിസ്മയിപ്പിക്കുന്ന ഒരു ഫ്രീ കിക്കിലൂടെ മാർക്കസ് റാഷ്‌ഫോർഡ് റയലിന് ആദ്യ ആഘാതമേൽപ്പിച്ചു. 9-ാം മിനിറ്റിലായിരുന്നു ഇത്. 18-ാം മിനിറ്റിൽ ഡാനി ഓൾമോയുടെ മികച്ച ഫ്‌ളിക്കിലൂടെ ലഭിച്ച പന്ത് ഫെറാൻ ടോറസ് മനോഹരമായി ഗോൾവലയിൽ എത്തിച്ചു.














