
ഒട്ടാവ: കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥി വിസ സംവിധാനവും വർക്ക് പെർമിറ്റുകളും ദുരുപയോഗം ചെയ്ത് ഇന്ത്യ ആസ്ഥാനമായുള്ള കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘം കാനഡയിൽ ശക്തമായ അധോലോക ശൃംഖല കെട്ടിപ്പടുക്കുന്നതായി റിപ്പോർട്ട്. കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) തയ്യാറാക്കിയ ‘ദി ബിഷ്ണോയി ഗാങ്: ആൻ എമർജിംഗ് ത്രെറ്റ് ഇൻ കാനഡ’ എന്ന അതീവ രഹസ്യ ഇന്റലിജൻസ് റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കനേഡിയൻ മാധ്യമമായ ‘ഗ്ലോബൽ ന്യൂസ്’ ആണ് ഈ വാർത്ത പുറത്തുവിട്ടത്.
കാനഡയിലെ ഇമിഗ്രേഷൻ സംവിധാനങ്ങളിലെ പോരായ്മകൾ ചൂഷണം ചെയ്ത് ക്രിമിനലുകൾ രാജ്യത്തേക്ക് കടക്കുന്നതായും അവിടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ വലിയ തോതിൽ കുറ്റകൃത്യങ്ങളിലേക്ക് ആകർഷിക്കുന്നതായും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ബിഷ്ണോയി സംഘത്തിന്റെ കാനഡയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഗോൾഡി ബ്രാർ ഉൾപ്പെടെയുള്ള പ്രമുഖർ 2017-ൽ കാനഡയിലെത്തിയത് അന്താരാഷ്ട്ര സ്റ്റുഡന്റ് വിസയിലായിരുന്നു. എന്നാൽ ഇവർ പഠനത്തിന് പകരം കാനഡ കേന്ദ്രീകരിച്ച് ക്രിമിനൽ സാമ്രാജ്യം വ്യാപിപ്പിക്കുകയാണ് ചെയ്തത്. ഇന്ത്യയിൽ നിന്ന് ഉപരിപഠനത്തിനായി കാനഡയിലെത്തുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കളെയാണ് ലക്ഷ്യമിടുന്നത്. ചെറിയ തുകകൾ കൈക്കൂലിയായി നൽകി ഇവരെ കവർച്ച, ഭീഷണിപ്പെടുത്തൽ, വെടിവെപ്പ്, കൊലപാതകം തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ഉപയോഗിക്കുന്നു.
താൽക്കാലിക വിസയിലെത്തിയ ഇന്ത്യക്കാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ കാനഡയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമീപകാലത്തായി ഇത്തരക്കാർക്കെതിരെ 13,040 ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ടതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാനഡയിലുള്ള സമ്പന്നരായ സൗത്ത് ഏഷ്യൻ വ്യവസായികളെയും പ്രവാസികളെയും ഫോണിലൂടെയും വാട്സാപ്പിലൂടെയും ഭീഷണിപ്പെടുത്തി കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്നതാണ് ഇവരുടെ പ്രധാന രീതി. പണം നൽകാൻ വിസമ്മതിക്കുന്നവരുടെ വീടുകൾക്ക് നേരെ വെടിയുതിർക്കുകയും, ഭീതി പടർത്താൻ ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
കാനഡയിലെ കണിശതയില്ലാത്ത താൽക്കാലിക ഇമിഗ്രേഷൻ പരിശോധന സംവിധാനങ്ങളാണ് ഈ അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾ ചൂഷണം ചെയ്തതെന്ന് കാനഡയിലെ സുരക്ഷാ-ഇമിഗ്രേഷൻ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ ഈ റിപ്പോർട്ട് അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്.
Lawrence Bishnoi gang is growing an underworld network in Canada by hiding student visas; Canadian intelligence report with shocking information















