‘ഗ്രൂപ്പ് പോര് പരിധിവിട്ടാൽ വാഹനം പഞ്ചറാകും; ഷാഫി വടകരയിലേക്ക് പോയില്ലായിരുന്നെങ്കിൽ മന്ത്രിയാകുമായിരുന്നു’; കോൺഗ്രസിന് മുന്നറിയിപ്പുമായി രമേശ് പിഷാരടി

പാലക്കാട്: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് പരിധിവിടരുതെന്ന മുന്നറിയിപ്പുമായി എംഎൽഎ രമേശ് പിഷാരടി. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും പരസ്പരം കാലുവാരുന്ന നിലയിലേക്കും കാര്യങ്ങൾ നീങ്ങിയാൽ അത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഗ്രൂപ്പ് പോര് തുടർന്നാൽ പാർട്ടിയുടെ രാഷ്ട്രീയ മുന്നേറ്റമാകുന്ന വാഹനം പഞ്ചറാകാൻ അധികം സമയം വേണ്ടെന്നും പിഷാരടി ഓർമിപ്പിച്ചു.

പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം 102 സീറ്റുകളുടെ ചരിത്രഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലെത്തിയത് ഗ്രൂപ്പുകൾക്കതീതമായി നേതാക്കളും പ്രവർത്തകരും ഒരുമിച്ച് നിന്നതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അധികാരത്തിലെത്തി ആറുമാസം പിന്നിടുമ്പോഴേക്കും ഉയരുന്ന അഭിപ്രായവ്യത്യാസങ്ങളും പരസ്യപ്രസ്താവനകളും ഗൗരവത്തോടെ കാണണം. ഹൈക്കമാൻഡും മുതിർന്ന നേതാക്കളും ഇടപെട്ട് പ്രശ്നങ്ങൾ പരിധിവിടാതെ നിയന്ത്രിക്കണമെന്നും പിഷാരടി ആവശ്യപ്പെട്ടു.

ഷാഫി പറമ്പിലിനെതിരായ വിമർശനങ്ങൾക്കിടയിലും അദ്ദേഹത്തിന്റെ സംഘടനാ മികവിനെയും പാർട്ടിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളെയും പിഷാരടി പ്രത്യേകം പ്രശംസിച്ചു. ഇടതുപക്ഷത്തിന് അനുകൂലമായിരുന്ന പാലക്കാട് മണ്ഡലത്തെ കോൺഗ്രസിന്റെ ഉറച്ച സീറ്റാക്കി മാറ്റിയതിന്റെ മുഴുവൻ ക്രെഡിറ്റും ഷാഫിക്കാണെന്ന് അദ്ദേഹം പറഞ്ഞു. ഇ. ശ്രീധരനെപ്പോലൊരു പ്രമുഖൻ ഉയർത്തിയ വെല്ലുവിളി അതിജീവിക്കാനും ഷാഫിക്ക് കഴിഞ്ഞത് പാലക്കാട്ടെ ജനങ്ങൾക്കിടയിലുള്ള സ്വാധീനം കൊണ്ടാണെന്നും കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നിർദേശപ്രകാരം പാലക്കാട് വിട്ട് വടകരയിൽ മത്സരിക്കാൻ ഷാഫി തയ്യാറായതും പിഷാരടി ഓർമിപ്പിച്ചു. പ്രിയപ്പെട്ട മണ്ഡലത്തോടും ജനങ്ങളോടും വിടപറഞ്ഞ് നിറകണ്ണുകളോടെയാണ് ഷാഫി വടകരയിലേക്ക് പോയത്. അന്ന് വടകരയിലേക്ക് പോകാതിരുന്നെങ്കിൽ ഇന്ന് ഷാഫി കേരളത്തിൽ മന്ത്രിയാകുമായിരുന്നുവെന്നും എന്നാൽ പദവികളേക്കാൾ അദ്ദേഹം പ്രസ്ഥാനത്തിനാണ് പ്രാധാന്യം നൽകിയതെന്നും പിഷാരടി കുറിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും കോൺഗ്രസിന്റെ ശബ്ദമായി ഷാഫി പ്രവർത്തിച്ചുവെന്നും അദ്ദേഹം വിലയിരുത്തി. സ്ഥാനാർഥികൾക്കെല്ലാം പ്രചാരണത്തിന് ഷാഫിയുടെ സാന്നിധ്യം ആവശ്യമായിരുന്നു. അദ്ദേഹത്തിന്റെ ജനപിന്തുണയും കഠിനാധ്വാനവും പാർട്ടി കാണാതെ പോകരുതെന്നും പിഷാരടി കൂട്ടിച്ചേർത്തു.

വിമർശനങ്ങളും ആരോപണങ്ങളും രാഷ്ട്രീയത്തിൽ സ്വാഭാവികമാണെങ്കിലും അവ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങരുതെന്നാണ് പിഷാരടിയുടെ മുന്നറിയിപ്പ്. 102 സീറ്റുകളുടെ ജനവിധി അംഗീകാരം മാത്രമല്ല, പാർട്ടിക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

More Stories from this section

family-dental
witywide