കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ തന്ത്രപ്രധാന കേന്ദ്രത്തിനു നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു. സംഭവത്തിൽ കുവൈത്ത്, പാകിസ്താൻ സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റതായും കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചാണ് കുവൈത്ത്, പാകിസ്താൻ പൗരന്മാർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റെന്നായിരുന്നു പ്രതിരോധ മന്ത്രാലയം ആദ്യം അറിയിച്ചിരുന്നത്. ഇതിൽ രണ്ട് ഇറ്റാലിയൻ പൗരന്മാരും ഉൾപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഇവർ മരണപ്പെട്ടതായി മന്ത്രാലയം സ്ഥിരീകരിക്കുകയായിരുന്നു.

കൊല്ലപ്പെട്ട ഇറ്റാലിയൻ പൗരന്മാർ ജർമൻ പ്രതിരോധ വ്യവസായ കമ്പനിയായ റൈൻമെറ്റലിൽ ജോലി ചെയ്തിരുന്നവരാണെന്നാണ് ഇറ്റാലിയൻ വാർത്താ ഏജൻസിയായ അൻസ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, കുവൈത്തിന്റെ വ്യോമാതിർത്തിയിലേക്ക് കടന്ന നിരവധി ഡ്രോണുകൾ സൈന്യം കണ്ടെത്തി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് സ്റ്റാഫ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ അത്വാൻ അറിയിച്ചു. ആക്രമണത്തെ തുടർന്നുള്ള സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide