‘ഇതിഹാസമാകുമോ, നഷ്ടബോധമോ?’ ലോകകപ്പ് ഫൈനലിൽ ലമിൻ യമാലിനെ കാത്തിരിക്കുന്നത് കരിയറിലെ നിർണായക നിമിഷം

ന്യൂയോർക്ക്: “സ്‌പെയിൻ ലോകകപ്പ് നേടുമോ?” എന്ന ചോദ്യത്തിന് ലമിൻ യമാൽ പുഞ്ചിരിയോടെ പറഞ്ഞ മറുപടി ഒറ്റവാക്കിലായിരുന്നു – “അതെ.”

ആത്മവിശ്വാസം നിറഞ്ഞ ആ മറുപടി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ അത്ഭുതപ്പെടുത്തിയില്ല. കാരണം, വെറും 19-ാം വയസ്സിൽ തന്നെ ലോകഫുട്ബോളിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി യമാൽ മാറിക്കഴിഞ്ഞു. എന്നാൽ, തന്റെ ആദ്യ ലോകകപ്പിൽ ടൂർണമെന്റ് കീഴടക്കുന്ന പ്രകടനം നടത്തുമെന്ന പ്രതീക്ഷ ഇതുവരെ യാഥാർഥ്യമായിട്ടില്ല. ഒരു ഗോൾ മാത്രം നേടിയ യമാലിന് ഇതുവരെ ഒരു അസിസ്റ്റ് പോലും ഇല്ല. എന്നിട്ടും സ്‌പെയിൻ അനായാസം ഫൈനലിലെത്തി. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ എതിരാളികൾ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയാണ്.

ലോകകപ്പിൽ ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം, എർലിങ് ഹാലൻഡ് എന്നിവർ ടൂർണമെന്റിൽ ശ്രദ്ധേയ പ്രകടനം നടത്തിയപ്പോൾ യമാലിന്റെ ലോകകപ്പ് താരതമ്യേന ശാന്തമായിരുന്നു. എന്നാൽ ഫൈനൽ തന്നെയാകുമോ യമാലിന്റെ ഏറ്റവും വലിയ വേദി എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഫൈനലിൽ അർജന്റീനക്കെതിരെ യമാൽ ഗോൾ നേടിയാൽ, ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന മൂന്നാമത്തെ കൗമാരതാരമാകും അദ്ദേഹം. ഇതിനുമുമ്പ് ബ്രസീലിന്റെ പെലെയും (1958), ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും (2018) മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

സ്‌പെയിൻ കിരീടം നേടിയാൽ ലോകകപ്പ് ഫൈനലിൽ ഇറങ്ങി കിരീടം നേടുന്ന നാലാമത്തെ കൗമാരതാരമെന്ന റെക്കോർഡും യമാലിന്റെ പേരിലാകും. പെലെ, എംബാപ്പെ, 1982-ൽ ഇറ്റലിക്കായി കളിച്ച ഗ്യൂസെപ്പെ ബെർഗോമി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

“യമാൽ എത്ര ഗോൾ നേടി, എത്ര അസിസ്റ്റ് നൽകി എന്നൊന്നും ആരും ഓർക്കില്ല. സ്‌പെയിൻ ലോകകപ്പ് നേടിയാൽ അദ്ദേഹം എന്നും ഒരു ഇതിഹാസമായിരിക്കും,” ഒരു സ്‌പാനിഷ് ആരാധകൻ പറഞ്ഞു.”അർജന്റീനയോട് തോറ്റാൽ അദ്ദേഹത്തിന്റെ ആദ്യ ലോകകപ്പ് ആരും ഓർക്കില്ല. ഇനിയും നിരവധി ലോകകപ്പുകൾ അദ്ദേഹത്തിന് മുന്നിലുണ്ട്. പക്ഷേ കൗമാരപ്രായത്തിൽ ലോകകപ്പ് നേടാനുള്ള അവസരം എല്ലാവർക്കും ലഭിക്കില്ല.” എന്നും അദ്ദേഹം പറഞ്ഞു.

പരിക്കിൽ നിന്ന് പൂർണമായും മുക്തനാകാതെയാണ് യമാൽ ലോകകപ്പിനിറങ്ങിയത്. ആദ്യ മത്സരത്തിൽ പകരക്കാരനായിറങ്ങിയെങ്കിലും ഗോൾ നേടാനായില്ല. രണ്ടാം മത്സരത്തിൽ ആദ്യ ലോകകപ്പ് സ്റ്റാർട്ടിൽ തന്നെ ഗോൾ നേടി ശ്രദ്ധ നേടിയെങ്കിലും പരിക്ക് കണക്കിലെടുത്ത് ഇടവേളയിൽ പിൻവലിക്കുകയായിരുന്നു. തുടർന്ന് എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടം നേടിയ യമാൽ, ഫ്രാൻസിനെ തകർത്ത് സ്‌പെയിൻ ഫൈനലിലെത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.”ഗോൾ നേടാൻ ആഗ്രഹമുണ്ട്. പക്ഷേ അതല്ല എന്റെ പ്രധാന ലക്ഷ്യം. ടീമിനെ സഹായിക്കാനാണ് ഞാൻ കളത്തിലിറങ്ങുന്നത്. ലോകകപ്പ് നേടിയാൽ ഞാൻ ഗോൾ നേടിയോ ഇല്ലയോ എന്ന് ആരും ഓർക്കില്ല. വിജയം മാത്രമാണ് പ്രധാനപ്പെട്ടത്,” എന്നാണ് യമാലിൻ്റെ പ്രതികരണം

. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഡ്രിബിൾ ശ്രമങ്ങൾ (49) നടത്തിയ താരം യമാലാണ്. ഇതിൽ 22 എണ്ണം വിജയകരമായി പൂർത്തിയാക്കി. ഈ കണക്കിൽ മെസ്സി (25) മാത്രമാണ് യമാലിന് മുന്നിലുള്ളത്. ലോകകപ്പ് ഫൈനലിലെ ഏറ്റവും വലിയ ആകർഷണം ലയണൽ മെസ്സിയും ലമിൻ യമാലും നേർക്കുനേർ വരുന്നതാണ്. അഞ്ച് മാസം പ്രായമുള്ള യമാലിനെ 20-കാരനായ മെസ്സി ഫോട്ടോഷൂട്ടിനിടെ കുളിപ്പിക്കുന്ന ചിത്രം വർഷങ്ങൾക്ക് ശേഷം വൈറലായിരുന്നു. അന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല, ഒരുദിവസം 39-ാം വയസ്സിൽ മെസ്സി തന്റെ രണ്ടാം ലോകകപ്പ് നേടുമോയെന്ന ചോദ്യമാണ് ഫൈനലിന് മുമ്പ് ഉയരുന്നത്. എന്നാൽ സ്‌പെയിൻ കിരീടം നേടിയാൽ, ലോകഫുട്ബോളിലെ പുതിയ രാജാവായി ലമിൻ യമാലിന്റെ യുഗം ആരംഭിക്കുന്ന മത്സരമായും ഈ ഫൈനൽ ചരിത്രത്തിൽ ഇടംപിടിച്ചേക്കും.

More Stories from this section

family-dental
witywide