
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലവിറ്റ് പ്രസവാവധിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നടത്തിയ രസകരമായ പരാമർശം അന്താരാഷ്ട്ര തലത്തിൽ തരംഗമാകുന്നു. മെയ് മാസത്തിൽ തൻ്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ തയ്യാറെടുക്കുന്ന കരോലിൻ, തൻ്റെ അസാന്നിധ്യത്തിൽ മാധ്യമപ്രവർത്തകർക്ക് വാർത്തകൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
“നിങ്ങളുടെയെല്ലാം കൈവശം പ്രസിഡൻ്റിൻ്റെ വ്യക്തിഗത ഫോൺ നമ്പർ ഉണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട് ഞാൻ ഇവിടെ ഇല്ലാത്ത സമയത്തും വൈറ്റ് ഹൗസിൽ നിന്നുള്ള പ്രസ്താവനകൾക്കും വാർത്തകൾക്കും ഒരു കുറവും ഉണ്ടാവില്ല,” ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ കരോലിൻ പറഞ്ഞു. മാധ്യമങ്ങളോട് നേരിട്ട് സംവദിക്കാൻ ഇഷ്ടപ്പെടുന്ന ഡോണൾഡ് ട്രംപിൻ്റെ ശൈലിയെ നർമ്മത്തിൽ ചാലിച്ചാണ് 28-കാരിയായ പ്രസ് സെക്രട്ടറി അവതരിപ്പിച്ചത്.
ട്രംപിൻ്റെ കീഴിൽ ജോലി ചെയ്യുന്നതിലെ വെല്ലുവിളികളെക്കുറിച്ചും കരോലിൻ മനസ്സ് തുറന്നു. ട്രംപിൻ്റെ മൂന്നിലൊന്ന് പ്രായം മാത്രമുള്ള തനിക്ക് അദ്ദേഹത്തിൻ്റെ വേഗതയ്ക്കൊപ്പം എത്താൻ കഴിയുന്നില്ലെന്ന് അവർ സമ്മതിച്ചു. പ്രസിഡൻ്റ് രാത്രിയിൽ വെറും നാല് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്നും എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിൻ്റെ വിളി വരുമെന്നും അവർ വെളിപ്പെടുത്തി. എപ്പോഴും വാർത്തകൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ തനിക്ക് സമാധാനമായി ഉറങ്ങാൻ പോലും സാധിക്കാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വൈറ്റ് ഹൗസിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറിയാണ് കരോലിൻ ലെവിറ്റ്. ഭർത്താവ് നിക്കോളാസ് റിച്ചിയോയ്ക്കും മകൻ നിക്കോയ്ക്കുമൊപ്പം പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് അവർ. താൻ ഉടൻ തന്നെ ജോലിയിൽ തിരിച്ചെത്തുമെന്നും കരോലിൻ വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തിൻ്റെ കരുത്തുറ്റ മുഖമായ കരോലിൻ മാറുമ്പോൾ, വൈറ്റ് ഹൗസിൻ്റെ വാർത്താവിനിമയ ചുമതലകൾ താൽക്കാലികമായി ആര് കൈകാര്യം ചെയ്യുമെന്നത് ഇപ്പോഴും അവ്യക്തം.
Levitt’s interesting remark before going on maternity leave is making waves.















