
ന്യൂയോർക്ക്: അമേരിക്കയെ ഒന്നടങ്കം നടുക്കിയ യുണൈറ്റഡ് ഹെൽത്ത് കെയർ സി.ഇ.ഒ ബ്രയാൻ തോംസൺ കൊലപാതകക്കേസിൽ പ്രതി ലൂയിജി മാംഗിയോണി (28) കോടതിയിൽ കുറ്റം സമ്മതിച്ചു. ന്യൂയോർക്ക് ഫെഡറൽ കോടതിയിൽ നടന്ന നാടകീയമായ വാദത്തിനിടയിലാണ്, ഇത്രയും കാലം കുറ്റം നിഷേധിച്ചിരുന്ന പ്രതി ഒട്ടും ഭയമില്ലാതെ സത്യം വിളിച്ചുപറഞ്ഞത്.
“ഞാൻ മാൻഹട്ടനിൽ വെച്ച് മിസ്റ്റർ തോംസണെ വെടിവെച്ചു, അദ്ദേഹം മരിച്ചു. ഞാൻ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു,” മഞ്ഞ ജയിൽ വസ്ത്രമണിഞ്ഞ് കോടതിയിലെത്തിയ മാംഗിയോണി ശാന്തനായി പറഞ്ഞു. കൊല്ലപ്പെട്ട ബ്രയാൻ തോംസൻ്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പ്രതിയുടെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
പ്രതികാരത്തിലേക്ക് നയിച്ചത് ഇൻഷുറൻസ് തടസ്സങ്ങൾ
ഒരു കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ മാംഗിയോണി, താൻ എന്തിനാണ് ഈ കൊലപാതകം ചെയ്തതെന്ന കാര്യവും കോടതിയിൽ വ്യക്തമാക്കി. 2022-ൽ നടന്ന ഒരു സർഫിംഗ് അപകടത്തിൽ മാംഗിയോണിയുടെ നടുവൊടിഞ്ഞിരുന്നു. വർഷങ്ങളോളം കഠിനമായ വേദന അനുഭവിച്ച തനിക്ക് ചികിത്സയ്ക്കായി അമേരിക്കയിലെ ഹെൽത്ത് ഇൻഷുറൻസ് സംവിധാനത്തിൽ നിന്നും വലിയ തടസ്സങ്ങളും നിഷേധങ്ങളുമാണ് നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതേത്തുടർന്നാണ് ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്ത് കെയറിൻ്റെ വാർഷിക നിക്ഷേപക സമ്മേളനം ന്യൂയോർക്കിലെ ഹിൽട്ടൺ ഹോട്ടലിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിയത്. 50 മില്യൺ ഡോളർ ആസ്തിയുള്ള ഒരു വ്യാജ കമ്പനിയുടെ പേരിൽ ഇമെയിൽ അയച്ചാണ് സമ്മേളനത്തിൻ്റെ കൃത്യമായ വിവരങ്ങൾ പ്രതി കൈക്കലാക്കിയത്. “ഇൻഷുറൻസ് ആവശ്യങ്ങൾക്കായി മാസങ്ങളോളം കാത്തിരിപ്പിച്ചിട്ടുള്ള കമ്പനി, ഈ വ്യാജ ഇമെയിലിന് ഒരു മണിക്കൂറിനകം മറുപടി നൽകി,” മാംഗിയോണി കോടതിയിൽ പരിഹസിച്ചു.
കൊലപാതകവും അറസ്റ്റും
തുടർന്ന് ഒരു 3D പ്രിൻ്റർ ഉപയോഗിച്ച് സ്വന്തമായി തോക്ക് നിർമ്മിക്കുകയും അതിൽ സൈലൻസറും മാഗസിനും ഘടിപ്പിക്കുകയും ചെയ്തു. ബ്രയാൻ തോംസണെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ന്യൂയോർക്കിലേക്ക് വണ്ടി കയറിയതെന്ന് പ്രതി സമ്മതിച്ചു.
2024 ഡിസംബർ 4-നായിരുന്നു മാൻഹട്ടൻ തെരുവിനെ നടുക്കിയ കൊലപാതകം നടന്നത്. നടന്നുപോവുകയായിരുന്ന തോംസൻ്റെ പുറകിലൂടെ വന്ന് മാംഗിയോണി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് തിരിഞ്ഞുനോക്കിയ തോംസനെ വീണ്ടും വെടിവെച്ചു വീഴ്ത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഈ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായിരുന്നു. കൊലപാതകം നടന്ന് അഞ്ച് ദിവസത്തിന് ശേഷം പെൻസിൽവാനിയയിലെ ഒരു മക്ഡൊണാൾഡ്സ് റെസ്റ്റോറൻ്റിൽ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. പ്രതിയുടെ കട്ടിയുള്ള പുരികങ്ങൾ കണ്ട് സംശയം തോന്നിയ റെസ്റ്റോറൻ്റ് ജീവനക്കാരൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുമ്പോൾ ഒപ്പമുണ്ടായിരുന്ന ബാഗിൽ നിന്ന് 3D തോക്കും ഒരു പ്രഖ്യാപന രേഖയും പൊലീസ് കണ്ടെടുത്തു.
ലാഭക്കൊതിയുള്ള അമേരിക്കൻ സ്വകാര്യ ആരോഗ്യ പരിപാലന ഇൻഷുറൻസ് സംവിധാനത്തിനെതിരെയുള്ള പ്രതികാരമായതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിലും മറ്റും മാംഗിയോണിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. പ്രതിയുടെ നിയമപോരാട്ടത്തിനായുള്ള ഓൺലൈൻ ഫണ്ടിലേക്ക് ഇതിനകം തന്നെ 1.5 മില്യൺ ഡോളറിലധികം (ഏകദേശം 12 കോടിയിലധികം രൂപ) ആളുകൾ സംഭാവനയായി നൽകിക്കഴിഞ്ഞു.
പ്രശസ്ത പോപ്പ് താരം സീൻ ‘ഡിഡ്ഡി’ കോംബ്സിൻ്റെ കേസ് വാദിച്ച പ്രമുഖ അഭിഭാഷകരായ കാരൻ ഫ്രൈഡ്മാൻ അഗ്നിഫിലോ, മാർക്ക് അഗ്നിഫിലോ എന്നിവരാണ് മാംഗിയോണിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. കേസിൽ പ്രതി കുറ്റസമ്മതം നടത്തിയ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കോടതി ശിക്ഷാവിധി പ്രഖ്യാപിക്കും.
Luigi Mangioni claims he shot and killed UnitedHealthcare CEO in revenge for insurance company’s brutality












