
മുംബൈ: മഹാരാഷ്ട്രയിലെ ടാക്സി, ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് മറാത്തി ഭാഷ നിർബന്ധമാക്കിയുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഓല, യൂബർ, റാപ്പിഡോ തുടങ്ങിയ ഓൺലൈൻ ടാക്സി സർവീസ് ഡ്രൈവർമാർക്കും ബാധകമാക്കുമെന്ന് ഗതാഗത മന്ത്രി പ്രതാപ് സർനായിക് അറിയിച്ചു.
ലൈസൻസുള്ള എല്ലാ ടാക്സി-ഓട്ടോ ഡ്രൈവർമാർക്കും മറാത്തി ഭാഷയിൽ അടിസ്ഥാന അറിവുണ്ടായിരിക്കണമെന്ന് കഴിഞ്ഞ ഏപ്രിൽ 14-നാണ് സർക്കാർ ഉത്തരവിട്ടത്. മേയ് 1 മുതൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന ഈ തീരുമാനം പിന്നീട് ഓഗസ്റ്റ് 15 വരെ നീട്ടിവെക്കുകയായിരുന്നു. ഭാഷാ പരീക്ഷ പാസാകാത്ത ഡ്രൈവർമാരുടെ പെർമിറ്റുകളും ലൈസൻസുകളും ഓഗസ്റ്റ് 16 മുതൽ റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
1989-ലെ മഹാരാഷ്ട്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. വാണിജ്യ പാസഞ്ചർ ഗതാഗത പെർമിറ്റുകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനും ഇനിമുതൽ മറാത്തി ഭാഷയിലുള്ള പ്രായോഗിക അറിവ് നിർബന്ധമാണ്. നിയമങ്ങളിലെ അവ്യക്തതകൾ ഒഴിവാക്കാനും ഡ്രൈവർമാർക്ക് പ്രാദേശിക ഭാഷയിലുള്ള പ്രാവീണ്യം ഉറപ്പാക്കാനും ഈ ഭേദഗതിയിലൂടെ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മറാത്തി സംസാരിക്കാത്തതിൻ്റെ പേരിൽ സംസ്ഥാനത്ത് മുൻപ് ചിലയിടങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിൻ്റെ കൂടി പശ്ചാത്തലത്തിലാണ് കർശന നടപടികളിലേക്ക് സർക്കാർ കടക്കുന്നത്. ഡ്രൈവർമാർക്ക് റോഡ് സൈനുകളും രേഖകളും വായിക്കാനുള്ള കഴിവ്, ലളിതമായ വാചകങ്ങൾ എഴുതാനുള്ള ശേഷി, സാധാരണ രീതിയിൽ സംസാരിക്കാനുള്ള പരിജ്ഞാനം എന്നിവയുണ്ടോ എന്ന് പരിശോധിച്ചായിരിക്കും പെർമിറ്റുകൾ നൽകുകയെന്ന് ഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കി.
Maharashtra has made Marathi language knowledge mandatory for Ola and Uber drivers, and the licenses of those who fail the test will be cancelled, says Minister Pratap Sarnaik














