‘ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു’; മുംബൈയിൽ നിന്ന് ബംഗാളി സ്ത്രീയെ ബംഗ്ലാദേശിലേക്ക് നാടുകടത്തി; ഇത് തകർന്നുപോയൊരു കുടുംബത്തിൻ്റെ നിയമപോരാട്ടത്തിൻ്റെ കണ്ണീർക്കഥ

മുംബൈ: ജൂലൈ 19-ന് വൈകുന്നേരം നവി മുംബൈയിലെ ഒരു സാധാരണ വീട്ടിൽ നിന്ന് പത്ത് വയസ്സുകാരനായ മകന് അത്താഴമൊരുക്കാൻ വേണ്ടിയാണ് സാഹിദ ഫക്കീർ ചന്തയിലേക്ക് ഇറങ്ങിയത്. വീട്ടിൽ മകൻ കാത്തിരിപ്പുണ്ടായിരുന്നു. എന്നാൽ, വിധി മറ്റൊന്നായിരുന്നു. വർഷങ്ങളായി ജീവിക്കുന്ന സ്വന്തം രാജ്യത്തെ മണ്ണിൽ നിന്ന്, ഒരു രാത്രി ഇരുട്ടി വെളുക്കും മുൻപ് താൻ അന്യദേശത്തേക്ക് എറിയപ്പെടുമെന്ന് ആ പാവം സ്ത്രീ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

കുറച്ചു മണിക്കൂറുകൾക്ക് ശേഷം സാഹിദയുടെ ഭർത്താവ് ജുമ്മൻ ഫക്കീറിനെ തേടി മുംബൈ പൊലീസിൻ്റെ ചെമ്പൂർ ക്രൈംബ്രാഞ്ചിൽ നിന്ന് ഒരു ഫോൺ കോൾ എത്തി. “നിയമവിരുദ്ധ കുടിയേറ്റക്കാരിയാണെന്ന സംശയത്തിൽ” ഭാര്യയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഭയന്നുപോയ അയാൾ പാഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തി. അപ്പോൾ ജുമ്മൻ കണ്ടത് ഭയന്നുവിറച്ച തൻ്റെ ഭാര്യയെയാണ്. “ബംഗാളി സംസാരിക്കുന്നവളായതുകൊണ്ട് മാത്രം അവർ എന്നെ പിടിച്ചുകൊണ്ട് വന്നു. ഞാൻ വാങ്ങിയ ഭക്ഷണവും ഫോണും ആധാർ കാർഡുമെല്ലാം അവർ പിടിച്ചെടുത്തു…” ബലമായി തടങ്കൽ പാളയത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടപ്പോൾ സാഹിദ ഭർത്താവിനോട് കരഞ്ഞുപറഞ്ഞു.

ഭാര്യ ഒരു ഇന്ത്യൻ പൗരയാണെന്ന് തെളിയിക്കാൻ ജുമ്മൻ തൻ്റെ കൈയിലുള്ള എല്ലാ രേഖകളുമായി നാല് ദിവസത്തോളം പൊലീസ് സ്റ്റേഷൻ കയറിയിറങ്ങി. 2008-ലെ വോട്ടർ ഐഡി കാർഡ്, 1988-ൽ ജനിച്ചതാണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, സ്വന്തം പേരിലുള്ള ഭൂമിയുടെ ആധാരം, മരണപ്പെട്ട പിതാവിൻ്റെ ഡെത്ത് സർട്ടിഫിക്കറ്റ് അങ്ങനെ കയ്യിൽക്കിട്ടിയതെല്ലാം അദ്ദേഹം പൊലീസിന് മുന്നിൽ വെച്ചു. എന്നാൽ അധികാരികൾക്ക് അതൊന്നും പോരായിരുന്നു. പകരം, കാലങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന സാഹിദയുടെ മാതാപിതാക്കളുടെ ജനന സർട്ടിഫിക്കറ്റിനുവേണ്ടിയുള്ള ശാഠ്യത്തിലായിരുന്നു പൊലീസ്. “ആ കാലത്ത് ആർക്കായിരുന്നു ജനന സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നത്?” ജുമ്മൻ കണ്ണീരോടെ ചോദിക്കുന്നു.

അഞ്ചാം ദിവസമായ ജൂലൈ 23-ന് ജുമ്മൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വാർത്തയാണ് അദ്ദേഹത്തെ കാത്തിരുന്നത്. സാഹിദയെ ബംഗ്ലാദേശിലേക്ക് നാടുകടത്തിക്കഴിഞ്ഞിരുന്നു! “നിങ്ങൾക്ക് വലിയ തെറ്റുപറ്റി, അവൾ ഇന്ത്യക്കാരിയാണ്, അവൾ എങ്ങോട്ട് പോകും?” ജുമ്മൻ്റെ സങ്കടം കേൾക്കാനോ, കണ്ണീരുതുടയ്ക്കാനോ അവിടെ ആരുമുണ്ടായിരുന്നില്ല.

ദിവസങ്ങൾക്ക് ശേഷം അതിർത്തി കടന്ന് ബംഗ്ലാദേശിലെ സാത്ഖിര ജില്ലയിൽ നിന്ന് സാഹിദയുടെ ഫോൺ കോൾ ജുമ്മനെ തേടിയെത്തി. അവിടെയുള്ള ഒരു കാരുണ്യമുള്ള കുടുംബം തനിക്ക് അഭയം തന്നിട്ടുണ്ടെന്ന് അവർ പറഞ്ഞു. വിരോധാഭാസമെന്നു പറയട്ടെ, സാഹിദ ഇപ്പോൾ അഭയം തേടിയിരിക്കുന്ന ബംഗ്ലാദേശിലെ ആ ഗ്രാമം, അവൾ ജനിച്ച പശ്ചിമ ബംഗാളിലെ സ്വരൂപ്ദഹ ഗ്രാമത്തിന് തൊട്ടപ്പുറത്താണ്. ഒരു നദി കൊണ്ട് മാത്രം വേർതിരിക്കപ്പെട്ട അതിർത്തിക്ക് അപ്പുറവും ഇപ്പുറവും!

എന്നാൽ അവിടെയും അവർക്ക് സമാധാനമില്ല. മാധ്യമങ്ങളിലൂടെ വാർത്ത പുറത്തുവന്നതോടെ ബംഗ്ലാദേശ് പൊലീസും ബോർഡർ ഗാർഡും ആ വീടിന് കാവൽ നിൽക്കുകയാണ്. എത്രയും വേഗം അവളെ തിരികെ കൊണ്ടുപോകാൻ അവർ ജുമ്മനെ വിളിച്ചു സമ്മർദ്ദം ചെലുത്തുന്നു.

ഉപജീവനത്തിനായി 20 വർഷം മുൻപ് മുംബൈയിലേക്ക് വണ്ടികയറിയതാണ് ഈ ദമ്പതികൾ. സാഹിദ വീട്ടുജോലിയും ജുമ്മൻ കാർ ക്ലീനിംഗും ചെയ്താണ് മക്കളെ വളർത്തിയത്. മൂത്ത മകന് ഇപ്പോൾ 22 വയസ്സുണ്ട്. സാഹിദയുടെ പശ്ചിമ ബംഗാളിലെ സ്വന്തം ഗ്രാമമായ ഗോബിന്ദാപൂരിലെ ജനങ്ങൾ മുഴുവൻ ഈ ക്രൂരതയ്‌ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. “സാഹിദയുടെ മുത്തശ്ശനും പിതാവും ഇവിടെ ജീവിച്ചവരാണ്. ഞങ്ങളുടെ കണ്ണുമുന്നിലാണ് അവൾ വളർന്നതും കല്യാണം കഴിഞ്ഞതും. അവൾ ഒരു ഇന്ത്യൻ പൗരയാണ്,” എന്ന് വ്യക്തമാക്കി ഗ്രാമവാസികൾ ജില്ലാ മജിസ്‌ട്രേറ്റിന് കത്തയച്ചു കഴിഞ്ഞു.

യാതൊരുവിധ കോടതി ഉത്തരവോ അന്വേഷണമോ ഇല്ലാതെ, പൗരത്വം തെളിയിക്കാൻ കൃത്യമായ അവസരം പോലും നൽകാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സാധാരണക്കാരായ ബംഗാളി സംസാരിക്കുന്ന പൗരന്മാരെ അതിർത്തി കടത്തുന്ന ഭീതിജനകമായ അവസ്ഥയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്. മുൻപ് ഡൽഹിയിൽ നിന്ന് ഇത്തരത്തിൽ നാടുകടത്തപ്പെട്ട സുനാലി ഖാത്തൂൻ എന്ന ഗർഭിണിയായ സ്ത്രീയെയും മകനെയും സുപ്രീം കോടതി ഇടപെട്ടാണ് ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്.

ബംഗ്ലാദേശിലുള്ള അതിർത്തിയിലെ ആളുകളുടെ സഹായത്തോടെ സാഹിദയെ നദി കടത്തി എളുപ്പത്തിൽ തിരികെ കൊണ്ടുവരാൻ ജുമ്മന് സാധിക്കുമായിരുന്നു. എന്നാൽ അദ്ദേഹം അതിന് തയ്യാറല്ല. “അവൾ നദിക്ക് തൊട്ടപ്പുറത്തുണ്ട്. പക്ഷേ ഞങ്ങൾ അവളെ നിയമപരമായി മാത്രമേ തിരികെ കൊണ്ടുവരൂ. എൻ്റെ ഭാര്യയെ എന്തിനാണ് ഇങ്ങനെ നിയമവിരുദ്ധമായി നാടുകടത്തിയത് എന്ന് ഈ രാജ്യത്തെ പൊലീസ് കോടതിയിൽ മറുപടി പറയണം. ഞാൻ നിയമപരമായി പോരാടും,” ജുമ്മൻ ഉറപ്പിച്ചു പറയുന്നു.

ഒരു വൈകുന്നേരം ഭക്ഷണം വാങ്ങാൻ ഇറങ്ങിയ ഒരു അമ്മ, ഇന്ന് തൻ്റെ രാജ്യവും കുടുംബവും നഷ്ടപ്പെട്ട് അന്യദേശത്ത് ഭയത്തോടെ കഴിയുകയാണ്. ഈ അനീതിക്കെതിരെ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മനുഷ്യാവകാശ സംഘടനകൾ കത്തയച്ചിട്ടുണ്ട്. നഷ്ടപ്പെട്ട തൻ്റെ ജീവിതവും ഭാര്യയെയും തിരികെ കിട്ടാൻ മുംബൈയിലെ ഒരു ചെറിയ മുറിയിലിരുന്ന് ഒരു സാധാരണക്കാരൻ നടത്തുന്ന ഈ പോരാട്ടം ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് മുന്നിലെ വലിയൊരു ചോദ്യചിഹ്നമാണ്.

Bengali woman deported from Mumbai to Bangladesh; This is a tearful story of a broken family’s legal battle

More Stories from this section

family-dental
witywide