ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം വീണ്ടും രൂക്ഷമായാൽ പുതിയ ആയുധങ്ങളും സൈനിക തന്ത്രങ്ങളും പ്രയോഗിക്കുമെന്നും ഇതുവരെ ആക്രമിച്ചിട്ടില്ലാത്ത പുതിയ കേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്നും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (ഐആർജിസി) മുന്നറിയിപ്പ്. സംഘർഷം ശക്തമായാൽ പ്രതിരോധ, പ്രത്യാക്രമണ നടപടികളിൽ ‘വലിയ മാറ്റങ്ങൾ’ ഉണ്ടാകുമെന്ന് ഐആർജിസി വക്താവ് ഹൊസൈൻ മൊഹെബ്ബി പറഞ്ഞു.
യുദ്ധത്തിന്റെ ഭൂമിശാസ്ത്രത്തിലും ആയുധങ്ങളിലും സൈനിക ഉപകരണങ്ങളിലും മാറ്റമുണ്ടാകും. പുതിയ ശേഷികളുള്ള പുതിയ ആയുധങ്ങൾ യുദ്ധഭൂമിയിലെത്തിക്കും. ലോകം അത്ഭുതപ്പെടും എന്നും അദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. മുമ്പ് ആക്രമിച്ച ലക്ഷ്യങ്ങൾ തന്നെയായിരിക്കില്ല ഇനി ഇറാന്റെ ലക്ഷ്യങ്ങളെന്നും ഇതുവരെ ആക്രമിച്ചിട്ടില്ലാത്ത പുതിയ ലക്ഷ്യങ്ങൾ ഞങ്ങൾക്കുണ്ട് എവും അദ്ദേഹം പറഞ്ഞു.
സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യമുണ്ടായാൽ തിരിച്ചടിക്കാൻ ഐആർജിസി ദീർഘകാല യുദ്ധത്തിന് തയ്യാറെടുത്തിട്ടുണ്ടെന്നും അൽ-ആലം ന്യൂസ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ മൊഹെബ്ബി പറഞ്ഞു. യുദ്ധം അവസാനിച്ചിട്ടില്ല, അത് തുടരുകയാണ്. ഐആർജിസി ദീർഘകാല യുദ്ധത്തിനായി നേരത്തേ തന്നെ തയ്യാറെടുത്തിരുന്നു. ഇപ്പോൾ അതിനേക്കാൾ കൂടുതൽ തയ്യാറെടുപ്പിലാണ് എന്ന് അദ്ദേഹം പറഞ്ഞു.
സംഘർഷത്തിൽ അമേരിക്ക, ഇസ്രയേൽ, സഖ്യകക്ഷികൾ എന്നിവർ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടെന്നും മൊഹെബ്ബി അവകാശപ്പെട്ടു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.ലോകത്തിലെ ഏറ്റവും വലിയ നാവികസേനയുണ്ടായിട്ടും, ഊർജപ്രവാഹത്തിന്റെയും കപ്പൽഗതാഗത സ്വാതന്ത്ര്യത്തിന്റെയും സുരക്ഷ ഉറപ്പാക്കാനാണ് മേഖലയിലെ സാന്നിധ്യമെന്ന് അമേരിക്ക പറഞ്ഞിട്ടും, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശേഷി അമേരിക്കയ്ക്കില്ലെന്ന് ഈ യുദ്ധത്തോടെ വ്യക്തമായി എന്നും മൊഹെബ്ബി കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്കും തുടർന്ന് ഇറാൻ നടത്തിയ തിരിച്ചടികൾക്കും പിന്നാലെ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിനിടെയാണ് ഇറാന്റെ പുതിയ മുന്നറിയിപ്പ്.
We’ll change geography of war’: Iran warns US of new weapons, targets










