അലാസ്കയ്ക്ക് സമീപം ചൈനീസ് ഗവേഷണ കപ്പലുകൾ; ജാഗ്രതയിൽ യുഎസ്, സുരക്ഷാ ആശങ്ക

വാഷിങ്ടൺ: അലാസ്കയ്ക്ക് ചുറ്റുമുള്ള ആർട്ടിക് സമുദ്രമേഖലയിൽ ചൈനീസ് ഗവേഷണ കപ്പലുകളുടെ സാന്നിധ്യം വർധിച്ചതിൽ ആശങ്കയുമായി യുഎസ്. ധാതു വിഭവങ്ങളുടെ പര്യവേക്ഷണത്തിനൊപ്പം ചൈനീസ് കപ്പലുകൾ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന വിവരങ്ങൾ ശേഖരിക്കുന്നുണ്ടോയെന്നതും യുഎസ് നിരീക്ഷിക്കുന്നുണ്ട്. അലാസ്കയിലെ അല്യൂഷ്യൻ ദ്വീപുകൾക്ക് സമീപവും യുഎസിനും റഷ്യയ്ക്കുമിടയിലെ ബെറിങ് കടലിടുക്കിലും ഉത്തരധ്രുവത്തിന് സമീപവും ചൈനീസ് ഗവേഷണ കപ്പലുകളെ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

2026ന്റെ തുടക്കം മുതൽ യുഎസ് ആർട്ടിക് മേഖലയ്ക്ക് സമീപം നാല് ചൈനീസ് ഗവേഷണ കപ്പലുകൾ പ്രവർത്തനം നടത്തിയതായി യുഎസ് കോസ്റ്റ് ഗാർഡ് ആർട്ടിക് ഡിസ്ട്രിക്ട് കമാൻഡർ റിയർ അഡ്മിറൽ ബോബ് ലിറ്റിലിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം അഞ്ച് കപ്പലുകളാണ് ഇവിടെ എത്തിയിരുന്നത്. കപ്പലുകൾ അന്താരാഷ്ട്ര അതിർത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും, സാന്നിധ്യം മുൻകൂട്ടി നയതന്ത്ര മാർഗങ്ങളിലൂടെ അറിയിക്കുന്ന പതിവ് ഇവ പാലിക്കുന്നില്ലെന്നാണ് യുഎസിന്റെ ആശങ്ക. ശാസ്ത്രീയ ഗവേഷണമാണ് ലക്ഷ്യമെന്നാണ് ചൈനയുടെ വിശദീകരണം.

എന്നാൽ, ഇത്തരം കപ്പലുകൾ ശാസ്ത്രീയ ആവശ്യങ്ങൾക്കൊപ്പം ചൈനീസ് സൈന്യത്തിന് ഉപയോഗിക്കാവുന്ന നിർണായക വിവരങ്ങളും ശേഖരിക്കാൻ ശേഷിയുള്ളവയാണെന്ന് വാഷിങ്ടൺ ആസ്ഥാനമായ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (CSIS) വിലയിരുത്തുന്നു. അമേരിക്കൻ സമുദ്രമേഖലയിലെ കടൽത്തട്ടിലെ ധാതു വിഭവങ്ങളെക്കുറിച്ചുള്ള ഗവേഷണവും ചൈന നടത്താൻ സാധ്യതയുണ്ടെന്ന് ലിറ്റിൽ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ ചൈനയ്ക്ക് സൈനിക നേട്ടം നൽകുകയോ യുഎസിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുകയോ ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

‘നിയർ-ആർട്ടിക്’ രാജ്യമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചൈന ആർട്ടിക് മേഖലയിൽ ‘പോളാർ സിൽക്ക് റോഡ്’ സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. സമീപ വർഷങ്ങളിൽ ധ്രുവമേഖലയിലെ സാന്നിധ്യവും ചൈന ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലും സമാനമായ ചൈനീസ് നീക്കങ്ങൾ ആശങ്ക ഉയർത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്ത് ചൈനീസ് ഗവേഷണ, ട്രാക്കിങ് കപ്പലുകൾ എത്തിയ സംഭവങ്ങൾ ഇന്ത്യ പ്രത്യേകമായി നിരീക്ഷിച്ചിരുന്നു.

2022ൽ ‘യുവാൻ വാങ് 5’ എന്ന ചൈനീസ് ട്രാക്കിങ് കപ്പൽ ഹംബൻടോട്ടയിലെത്തിയതും 2023ൽ ‘ഷി യാൻ 6’ എന്ന ഗവേഷണ കപ്പൽ കൊളംബോയിലെത്തിയതും ശ്രദ്ധ നേടിയിരുന്നു. തുടർന്ന് വിദേശ ഗവേഷണ കപ്പലുകൾക്ക് ശ്രീലങ്ക താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിവിധ ഭാഗങ്ങളിലും ചൈനീസ് ഗവേഷണ കപ്പലുകൾ കടൽത്തട്ടിന്റെയും സമുദ്രത്തിന്റെയും വിവരങ്ങൾ ശേഖരിച്ച് സർവേ നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം വിവരങ്ങൾ ഭാവിയിൽ സൈനിക ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകുമെന്നതാണ് ഇന്ത്യയുടെയും യുഎസിന്റെയും പ്രധാന ആശങ്ക.

US on alert after China’s ‘dual-use’ research vessels spotted near Alaska multiple times this year

More Stories from this section

family-dental
witywide