ന്യൂയോർക്കിൽ ഘാന സ്വദേശിയായ 15 കാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു, മാതാവിന് വിസ നൽകാൻ തയാറായി ഭരണകൂടം; പ്രസിഡന്റ് ട്രംപ് സമ്മതിച്ചുവെന്ന് മേയർ മാംദാനി

ന്യൂയോർക്ക്: ന്യൂയോർക്കിലെ ബ്രോങ്ക്‌സിൽ സ്‌കൂളിലേക്ക് പോകുന്നതിനിടെ ഘാന സ്വദേശിയായ 15-കാരൻ ജാവിറ്റ്‌സ് ഫ്രിംപോംഗ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. കൊല്ലപ്പെട്ട കുട്ടിയുടെ മാതാവിന് മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി അടിയന്തരമായി യു.എസ് വിസ നൽകാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മതിച്ചതായി മേയർ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ ബ്രോങ്ക്‌സിലെ ഡ്രീംയാർഡ് സ്‌കൂളിലേക്ക് നടന്നുപോകുന്നതിനിടെയാണ് ജാവിറ്റ്‌സിന് വയറ്റിൽ വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മകനെ സ്‌കൂളിൽ ചില വിദ്യാർത്ഥികൾ നിരന്തരം ശല്യം ചെയ്തിരുന്നതായി പിതാവ് തോമസ് ഫ്രിംപോംഗ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരു വർഷം മുൻപാണ് ജാവിറ്റ്‌സ് ഘാനയിൽ നിന്ന് പിതാവിനടുത്തേക്ക് അമേരിക്കയിലേക്ക് എത്തിയത്. മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മാതാവിന് ഉടൻ തന്നെ വിസ ലഭ്യമാക്കാൻ പ്രസിഡന്റ് ട്രംപുമായി സംസാരിച്ച് ധാരണയിലെത്തിയെന്നും മേയർ എക്സ് കുറിപ്പിലൂടെ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കുമെന്ന് ഘാന വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide