പ്രധാന വിഷയങ്ങളിൽ സമവായമില്ല; ജി20 വിദേശകാര്യ മന്ത്രിമാരുടെ ചർച്ചകൾ സമാപിച്ചു

അറ്റ്ലാന്റ: റഷ്യ–യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള നിർണായക ആഗോള വിഷയങ്ങളിൽ സമവായത്തിലെത്താനാകാതെ ജി20 വിദേശകാര്യ മന്ത്രിമാരുടെ രണ്ടുദിവസത്തെ ചർച്ചകൾ ശനിയാഴ്ച സമാപിച്ചു. അംഗരാജ്യങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കിയില്ല. പകരം, ചർച്ചകളുടെ സംഗ്രഹം ഉൾക്കൊള്ളുന്ന അധ്യക്ഷന്റെ പ്രസ്താവന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പുറത്തിറക്കി. ഊർജ, ഭക്ഷ്യസുരക്ഷ, കപ്പൽഗതാഗത സ്വാതന്ത്ര്യം, വിതരണശൃംഖലകളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെ മുൻഗണനകളാണ് പ്രസ്താവനയിൽ പരാമർശിച്ചത്.

എന്നാൽ, ഇവയിൽ ധാരണയിലെത്തിയതായി വ്യക്തമാക്കിയില്ല. എല്ലാവർക്കും സ്വീകാര്യമായ പരിഹാരങ്ങളിലേക്ക് എത്തിയെന്ന് പറയാനാകില്ലെന്ന് റൂബിയോ വാർത്താസമ്മേളനത്തിൽ പറഞ്ഞു.റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റെ സാന്നിധ്യത്തെ യൂറോപ്യൻ പ്രതിനിധികൾ എതിർത്തതിനെ തുടർന്ന് മന്ത്രിമാരുടെ പതിവ് ഗ്രൂപ്പ് ഫോട്ടോ റദ്ദാക്കിയിരുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ മോസ്കോയുടെ നിലപാടും പോളണ്ടിന്റെ ജി20 അംഗത്വത്തോടുള്ള എതിർപ്പും ചർച്ചകളിൽ ഭിന്നതയ്ക്ക് കാരണമായി.

യുഎസ് താരിഫുകൾ, ഇറാനെതിരായ യുഎസ്–ഇസ്രയേൽ യുദ്ധം, ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ നീക്കങ്ങൾ എന്നിവയും അഭിപ്രായവ്യത്യാസങ്ങൾക്ക് വഴിവച്ചു. യുദ്ധത്തിൽ പങ്കാളികളായ രാജ്യങ്ങൾ ഒരേ മേശയ്ക്കു ചുറ്റുമിരിക്കുമ്പോൾ പൊതുനിലപാടിലെത്തുക പ്രയാസമാണെന്ന് പോളിഷ് വിദേശകാര്യ മന്ത്രി റാഡോസ്ലാവ് സിക്കോർസ്കി പറഞ്ഞു. യുക്രെയ്നിനായി 210 കോടി ഡോളറിന്റെ പാട്രിയറ്റ് വ്യോമപ്രതിരോധ മിസൈലുകൾ വിൽക്കാനുള്ള നിർദേശത്തിന് യുഎസ് അംഗീകാരം നൽകിയതായി റൂബിയോ അറിയിച്ചു.

അതേസമയം, റഷ്യയുമായി ചർച്ച നടത്താതെ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, യുക്രെയ്നിൽ ചർച്ചകളിലൂടെ ഉടൻ സമാധാനം സാധ്യമാകുമെന്ന് ഉറപ്പില്ലെന്നും കൂട്ടിച്ചേർത്തു. ഇറാനെതിരെ യുഎസ് വീണ്ടും സൈനിക നടപടി സ്വീകരിച്ചേക്കുമെന്ന ആശങ്കയും യോഗത്തിൽ ഉയർന്നു. ചൊവ്വാഴ്ചത്തെ യുഎസ് തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ ആക്രമണം പുനരാരംഭിച്ചേക്കാമെന്ന് മധ്യപൂർവേഷ്യൻ രാജ്യങ്ങൾക്കും സഖ്യകക്ഷികൾക്കും യുഎസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

G20 foreign ministers end Atlanta meeting without consensus on key issues

More Stories from this section

family-dental
witywide