ന്യൂഡൽഹി: ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഏർപ്പെടുത്തുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നിരീക്ഷണ സംവിധാനം ഒരുക്കുന്നു. ഫീസിന്റെ ഭാരം വ്യാപാരികളിലേക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം. ഇതിനായി പേയ്മെന്റ് അഗ്രിഗേറ്റർമാരുമായും യുപിഐ സംവിധാനത്തിലെ മറ്റ് പങ്കാളികളുമായും ധനമന്ത്രാലയം ചർച്ചകൾ ആരംഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കരുതെന്ന് വ്യാപാരികൾക്കും സേവനദാതാക്കൾക്കും നിർദേശം നൽകുന്നതിനൊപ്പം ഇത് നിരീക്ഷിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ 15ന് പുറത്തിറക്കിയ സർക്കുലറിലാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ചില യുപിഐ ഇടപാടുകൾക്ക് MDR ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്. ഒക്ടോബർ 15 മുതൽ ₹2,000ന് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് 0.4 ശതമാനം MDR ഈടാക്കും. ഈ തുക വ്യാപാരികളാണ് വഹിക്കേണ്ടത്. ₹75,000ന് മുകളിലുള്ള ഇടപാടുകൾക്ക് MDR പരമാവധി ₹300 ആയി നിജപ്പെടുത്തും.
വ്യക്തികൾ തമ്മിലുള്ള യുപിഐ ഇടപാടുകൾക്കും സാധാരണയായി നടക്കുന്ന ഭൂരിഭാഗം വ്യാപാരി ഇടപാടുകൾക്കും ഫീസ് ബാധകമല്ല.അതേസമയം, യുപിഐ ഇടപാടുകൾക്ക് MDR ഏർപ്പെടുത്താനുള്ള തീരുമാനത്തിന് യുഎസിന്റെ സമ്മർദം കാരണമായെന്ന ആരോപണം കേന്ദ്ര ധനമന്ത്രാലയം തള്ളി. പുതിയ NPCI മാർഗനിർദേശങ്ങൾ അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകൾക്ക് റുപേ ക്രെഡിറ്റ് കാർഡിനേക്കാൾ പ്രത്യേക ആനുകൂല്യം നൽകുന്നില്ലെന്നും ധനകാര്യ സേവന വകുപ്പ് (DFS) വ്യക്തമാക്കി. MDR ഏർപ്പെടുത്തുന്നത് ആളുകളെ യുപിഐയിൽ നിന്ന് പണ ഇടപാടുകളിലേക്ക് തിരിയാൻ കാരണമാകില്ലെന്നും മന്ത്രാലയം പറഞ്ഞു.
യുഎസ് ട്രേഡ് റെപ്രസന്റേറ്റീവിന്റെ 2026ലെ റിപ്പോർട്ടിൽ ഇന്ത്യയിലെ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട് യുഎസ് കമ്പനികൾക്ക് തുല്യമായ അവസരം ലഭിക്കുന്നില്ലെന്ന ആശങ്ക ഉന്നയിച്ചിരുന്നു. യുപിഐയിലെ ക്രെഡിറ്റ് ഇടപാടുകളിൽ റുപേയുമായി തുല്യമായി മത്സരിക്കാൻ യുഎസ് പേയ്മെന്റ് സേവനദാതാക്കൾക്ക് കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ MDR ഏർപ്പെടുത്തിയത് ഏതെങ്കിലും വിദേശ സമ്മർദത്തിന്റെ ഫലമാണെന്ന ആരോപണം തെറ്റാണെന്ന് DFS വ്യക്തമാക്കി.
പുതിയ MDR തീരുമാനം യുപിഐ ഉപയോഗത്തിൽ കാര്യമായ ഇടിവിന് കാരണമാകില്ലെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിലയിരുത്തൽ. ആകെ യുപിഐ ഇടപാടുകളുടെ ഏകദേശം നാല് ശതമാനം മാത്രമാണ് പുതിയ നിരക്കിന്റെ പരിധിയിൽ വരുന്നതെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, റുപേ ഡെബിറ്റ് കാർഡ് വഴിയുള്ള ഇടപാടുകൾ തുക എത്രയായാലും സൗജന്യമായി തുടരും. MDR ഏർപ്പെടുത്തുന്നത് പണപ്പെരുപ്പത്തിന് കാരണമാകുമെന്ന വാദവും സർക്കാർ വൃത്തങ്ങൾ തള്ളി.
The Union finance ministry is preparing a monitoring system to ensure that the burden of the Merchant Discount Rate (MDR) on Unified Payments Interface (UPI) transactions above ₹2000 is not passed on to consumers.













