
ന്യൂഡൽഹി: പ്രമുഖ ഭക്ഷ്യോൽപ്പന്ന നിർമ്മാതാക്കളായ നെസ്‌ലെ ഇന്ത്യ ലിമിറ്റഡിനെതിരെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിയമനടപടികൾ ആരംഭിച്ചു. കമ്പനിയുടെ മൂന്ന് ശിശു പോഷകാഹാര ഉൽപന്നങ്ങളിൽ നിയമലംഘനവും പോഷകക്കുറവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നെസ്‌ലെയുടെ ജനപ്രിയ ബ്രാൻഡുകളായ ‘നാൻ എക്സെല്ല പ്രോ സ്റ്റേജ് 1’, ‘ലാക്ടോജൻ പ്രോ 1’, കമ്പനിയുടെ ഒരു ഫോളോ-അപ്പ് ഫോർമുല എന്നിവയ്‌ക്കെതിരെയാണ് എഫ്.എസ്.എസ്.എ.ഐ അഡ്ജുഡിക്കേഷൻ സാങ്ഷൻ നോട്ടീസ് പുറപ്പെടുവിച്ചത്.
ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഉൽപന്നങ്ങളുടെ പരസ്യങ്ങളും അവകാശവാദങ്ങളും പരിശോധിച്ച ശേഷമാണ് അതോറിറ്റി നടപടിയിലേക്ക് കടന്നത്. കുട്ടികളുടെ ഭക്ഷണസാധനങ്ങളുടെ വിൽപന വർദ്ധിപ്പിക്കാൻ തെറ്റായ പ്രമോഷനുകൾ നൽകുന്നത് തടയുന്ന 2020-ലെ റെഗുലേഷൻ 4(2) നിയമത്തിന്റെ ലംഘനമാണ് കമ്പനി നടത്തിയതെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി.
‘നാൻ എക്സെല്ല പ്രോ സ്റ്റേജ് 1’-ന്റെ പരസ്യങ്ങളിൽ “5 HMOs”, “വേ പ്രോട്ടീൻ” എന്നിവയെക്കുറിച്ചുള്ള അവകാശവാദങ്ങളും, ‘ലാക്ടോജൻ പ്രോ 1’-ൽ വേ പ്രോട്ടീൻ എളുപ്പത്തിൽ ദഹിക്കുന്നതാണെന്ന പ്രചാരണവുമാണ് അതോറിറ്റി ചോദ്യം ചെയ്തത്. കമ്പനി നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
കൂടാതെ, നെസ്‌ലെയുടെ ഫോളോ-അപ്പ് ഫോർമുലയിൽ കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ ‘ബയോട്ടിൻ’ (വിറ്റാമിൻ ബി7) നിശ്ചിത അളവിലും കുറവാണെന്ന് ലബോറട്ടറി പരിശോധനകളിൽ കണ്ടെത്തി. റഫറൽ ലബോറട്ടറിയിൽ നടത്തിയ പുനഃപരിശോധനയിലും പോഷകക്കുറവ് സ്ഥിരീകരിക്കുകയായിരുന്നു.
കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും മാതാപിതാക്കളുടെ തീരുമാനങ്ങളെയും ബാധിക്കുന്നതിനാൽ 1992-ലെ ‘ഇൻഫന്റ് മിൽക്ക് സബ്സ്റ്റിറ്റ്യൂട്ടുകൾ, ഫീഡിംഗ് ബോട്ടിലുകൾ, ഇൻഫന്റ് ഫുഡ്സ് ആക്റ്റ്’ പ്രകാരം ശിശു ഭക്ഷണങ്ങളുടെ പരസ്യങ്ങൾക്ക് ഇന്ത്യയിൽ കർശന നിയന്ത്രണമുണ്ട്. പരസ്യ ലംഘനങ്ങൾക്ക് രണ്ടും, ഗുണനിലവാരമില്ലായ്മയ്ക്ക് ഒന്നും ഉൾപ്പെടെ മൂന്ന് പ്രത്യേക കേസുകളാണ് നിലവിൽ നെസ്‌ലെ ഇന്ത്യക്കെതിരെ ഫയൽ ചെയ്തിരിക്കുന്നത്. അഡ്ജുഡിക്കേഷൻ പ്രക്രിയ പൂർത്തിയായ ശേഷമായിരിക്കും അതോറിറ്റി അന്തിമ ശിക്ഷാനടപടികൾ പ്രഖ്യാപിക്കുക.
Case filed against Nestle over safety violations in infant nutritional products.













