മരണശേഷം കല്ലറ തേടിയെത്തിയത് ആയിരങ്ങൾ; അമേരിക്കക്കാരി മരിയ മിഡിൽടൺ ‘ജെൻ സി’യിലെ ആദ്യ വിശുദ്ധയായേക്കും, നടപടികൾക്ക് തുടക്കം

പെൻസിൽവാനിയ: 18-ാം വയസ്സിൽ അന്തരിച്ച പെൻസിൽവാനിയ ബക്സ് കൗണ്ടി സ്വദേശിനി മരിയ മിഡിൽടണിനെ കത്തോലിക്കാ സഭയിൽ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നതിനുള്ള പ്രാഥമിക നടപടികൾക്ക് തുടക്കമായി. മരണപ്പെട്ട് ആറ് വർഷത്തിന് ശേഷമാണ് മരിയയെ വാഴ്ത്തപ്പെട്ടവളായും വിശുദ്ധയായും പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ യു.എസ്. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് വോട്ട് ചെയ്തത്.

ചികിത്സിച്ചു ഭേദമാക്കാനാവാത്ത ബ്രെയിൻ ട്യൂമറിനോട് പൊരുതുമ്പോഴും മരിയ മുറുകെ പിടിച്ച അഗാധമായ ദൈവവിശ്വാസം ചൂണ്ടിക്കാട്ടി ഫിലാഡൽഫിയ ആർച്ച് ബിഷപ്പ് നെൽസൺ പെരസ് നൽകിയ അപേക്ഷയിലാണ് സഭയുടെ ഈ നിർണ്ണായക തീരുമാനം. ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് ഇപ്പോഴും തങ്ങൾക്ക് മനസ്സിലാകുന്നില്ലെന്ന് മരിയയുടെ മാതാപിതാക്കളായ സൂസനും ബ്രയാൻ മിഡിൽടണും പറഞ്ഞു. “സ്വർഗ്ഗത്തിനും ഭൂമിക്കും ഇടയിലുള്ള ഒരു അവസ്ഥയിലാണ് ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത്,” ബ്രയാൻ മിഡിൽടൺ പ്രതികരിച്ചു. “വിശുദ്ധി എന്നത് ആർക്കും നേടിയെടുക്കാവുന്ന ഒന്നാണ്. വിശുദ്ധരാകാനാണ് ദൈവം നമ്മെ സൃഷ്ടിച്ചത്,” അമ്മ സൂസൻ കൂട്ടിച്ചേർത്തു.

2002-ൽ ജനിച്ച മരിയ ബക്സ് കൗണ്ടിയിലാണ് വളർന്നത്. നൃത്തം ചെയ്യാനും, ടെയ്‌ലർ സ്വിഫ്റ്റിന്റെ പാട്ടുകൾ കേൾക്കാനും, വളർത്തുമൃഗങ്ങളെ സ്നേഹിക്കാനും, തമാശകൾ പറയാനും ഇഷ്ടപ്പെട്ടിരുന്ന ഒരു സാധാരണ കൗമാരക്കാരിയായിരുന്നു അവൾ. എന്നാൽ അവളുടെ വിശ്വാസവും നന്മയിലേക്കുള്ള യാത്രയും അസാധാരണമായിരുന്നുവെന്ന് മാതാപിതാക്കൾ ഓർക്കുന്നു. “വിശുദ്ധരാകാൻ നിങ്ങൾ വിചിത്രമായി പെരുമാറേണ്ടതില്ല എന്ന മരിയയുടെ വാക്കുകളാണ് ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത്,” ബ്രയാൻ പറഞ്ഞു.

16-ാം വയസ്സിലാണ് മരിയയ്ക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. അതൊരു പേടിസ്വപ്നമായിരുന്നെങ്കിലും കുടുംബം പ്രാർത്ഥനയിൽ അഭയം തേടി. ലോകമെമ്പാടുമുള്ള ആളുകൾ മരിയയ്ക്കായി പ്രാർത്ഥിക്കാൻ തുടങ്ങി. അർബുദത്തോട് പോരാടുന്നതിനിടയിലും ഉഗാണ്ടയിലേക്ക് ഒരു മിഷൻ യാത്ര നടത്താൻ അവൾക്ക് സാധിച്ചു.

2020 ഒക്ടോബറിൽ മരിയ അന്തരിച്ചു. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഔവർ ലേഡി ഓഫ് ചെസ്റ്റോച്ചോവ ദേവാലയത്തിലെ അവളുടെ കല്ലറ സന്ദർശിക്കാൻ തുടങ്ങി. മരിയയുടെ മരണശേഷം അവളുടെ വിശ്വാസാനുഭവങ്ങൾ വിവരിക്കുന്ന കുറിപ്പുകളുടെ ശേഖരം മാതാപിതാക്കൾ കണ്ടെത്തി. പേന പിടിക്കാൻ കഴിയുമായിരുന്ന അവസാന നിമിഷങ്ങളിൽ മരിയ എഴുതിവെച്ചത് ‘തിങ്ക് ഹോപ്പ്’ (പ്രത്യാശയോടെ ചിന്തിക്കുക) എന്നായിരുന്നു. ഇതേ പേരിൽ മരിയയെക്കുറിച്ച് ഒരു പുസ്തകവും പുറത്തിറങ്ങിയിട്ടുണ്ട്.

മരിയയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ പള്ളികളിൽ നോട്ടീസുകൾ പതിച്ചിട്ടുണ്ട്. വിശുദ്ധപദവിയിലേക്കുള്ള ആദ്യ പടി മാത്രമാണിത്. വത്തിക്കാൻ ഈ നടപടിക്ക് അംഗീകാരം നൽകിയ ശേഷമേ മരിയയുടെ എഴുത്തുകൾ പരിശോധിക്കുകയുള്ളൂ. തുടർന്ന് മരിയയുടെ മാധ്യസ്ഥത്താൽ രണ്ട് അത്ഭുതങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ട്. വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടാൽ, അമേരിക്കയിൽ ജനിച്ച നാലാമത്തെ വിശുദ്ധയും ‘ജെൻ സി’ തലമുറയിലെ ആദ്യ വിശുദ്ധയുമായി മരിയ മാറും.

Maria Middleton could become the first saint from ‘Gen Z’; process initiated.

More Stories from this section

family-dental
witywide