അമേരിക്കയുടേത് ധിക്കാരപരമായ പെരുമാറ്റം; പാക് പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ പ്രസിഡൻ്റ്, കപ്പൽ പിടിച്ചെടുത്തത് സമാധാന ചർച്ചയ്ക്ക് വെല്ലുവിളി

ഇസ്ലാമാബാദ്: ഒമാൻ ഉൾക്കടലിൽ ഇറാനിയൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തതിന് പിന്നാലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ഫോണിൽ വിളിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ. അമേരിക്കയുടേത് ‘ധിക്കാരപരമായ പെരുമാറ്റമാണെന്നും’ നയതന്ത്ര മര്യാദകളെ അവർ വീണ്ടും ലംഘിക്കുകയാണെന്നും പെസെഷ്കിയാൻ കുറ്റപ്പെടുത്തി.

ഇറാൻ പതാകയേന്തിയ കപ്പൽ ആക്രമിച്ചു കീഴടക്കിയ അമേരിക്കൻ നടപടി മേഖലയിൽ വലിയ തോതിലുള്ള അവിശ്വാസത്തിന് കാരണമായിട്ടുണ്ട്. മുൻകാലങ്ങളിലെന്നപോലെ അമേരിക്ക നയതന്ത്ര ചർച്ചകളെ വഞ്ചിക്കുമെന്ന സംശയം ഇതോടെ ശക്തമായതായി ഇറാൻ പ്രസിഡൻ്റ് വ്യക്തമാക്കി. നയതന്ത്ര മര്യാദകൾ പാലിക്കാതെ ഏകപക്ഷീയമായ നടപടികളുമായി അമേരിക്ക മുന്നോട്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ഷെരീഫിനോട് പറഞ്ഞതായാണ് റിപ്പോർട്ട്.

അതിനിടെ, ഇറാനുമായുള്ള ചർച്ചകൾക്കായി തൻ്റെ നയതന്ത്ര പ്രതിനിധികൾ തിങ്കളാഴ്ച പാകിസ്ഥാനിലേക്ക് പോകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ചർച്ചകളിൽ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് പങ്കെടുക്കുന്ന കാര്യത്തിൽ ആദ്യം അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും അദ്ദേഹം സംഘത്തിനൊപ്പമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് പിന്നീട് സ്ഥിരീകരിച്ചു. വാൻസിനെ ചർച്ചകൾക്ക് അയക്കില്ലെന്ന് രണ്ട് അഭിമുഖങ്ങളിൽ ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ട്രംപിൻ്റെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫിനും ജാരെദ് കുഷ്നർക്കുമൊപ്പം ജെ.ഡി വാൻസും ചർച്ചകളിൽ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഒമാൻ കടലിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ ചർച്ച നിർണ്ണായകമാണ്.

Masoud Pezeshkian called Pakistani Prime Minister Shehbaz Sharif after the US seized an Iranian cargo ship

More Stories from this section

family-dental
witywide