‘എങ്കിൽ ഞാൻ നിങ്ങൾക്ക് സെനറ്റർ മുഹമ്മദ് ആയിരിക്കും, ബ്രോ’; ട്രംപിൻ്റെ ജിഹാദി പരാമർശത്തിന് എൽ-സയീദിൻ്റെ കടുത്ത മറുപടി

വാഷിംഗ്ടൺ: മിഷിഗണിൽ നിന്നുള്ള യുഎസ് സെനറ്റ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അബ്ദുൾ എൽ-സയീദിനെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തുന്നു. ഞായറാഴ്ച മിഷിഗണിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ എൽ-സയീദിനെ ‘ജിഹാദി’ എന്ന് വിളിച്ച ട്രംപ്, അദ്ദേഹത്തിനെതിരെ സംസാരിക്കാൻ 9/11 ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച യാത്രക്കാരന്റെ പിതാവിനെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എൽ-സയീദ് സെനറ്റിൽ പ്രവേശിക്കുന്നതിന് മുൻപ് ‘മെറ്റൽ ഡിറ്റക്ടർ’ പരിശോധനയ്ക്ക് വിധേയനാകേണ്ടി വരുമെന്ന ട്രംപിന്റെ പരിഹാസമാണ് വിവാദമുയർത്തിയത്.

ട്രംപിന്റെ വാക്കുകൾ കടുത്ത ഇസ്‌ലാം വിരുദ്ധതയും വംശീയതയും നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽ നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

തന്റെ മധ്യനാമമായ ‘മുഹമ്മദ്’ എന്ന് എടുത്തുപറഞ്ഞ് അധിക്ഷേപിക്കാൻ ശ്രമിച്ച ട്രംപിന് ശക്തമായ മറുപടിയുമായി എൽ-സയീദ് രംഗത്തെത്തി. “നിങ്ങൾക്ക് ഞാൻ സെനറ്റർ മുഹമ്മദ് തന്നെയായിരിക്കും സഹോദരാ,” എന്നായിരുന്നു സ്വന്തം റാലിയിൽ എൽ-സയീദിന്റെ പ്രതികരണം. സാധാരണക്കാരുടെ ഇന്ധന വിലക്കയറ്റവും പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റവും പോലുള്ള യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ട്രംപും കൂട്ടരും തന്റെ പേരും മതവും വലിച്ചിഴയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രമുഖ സെനറ്റർ ബെർണി സാൻഡേഴ്സും എൽ-സയീദിന് പിന്തുണയുമായി രംഗത്തെത്തി. രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് റിപ്പബ്ലിക്കൻ പാർട്ടി ഇത്തരം ഇസ്‌ലാം വിരുദ്ധ കാമ്പെയ്നുകൾ നടത്തുന്നതെന്ന് സാൻഡേഴ്സ് വിമർശിച്ചു.

നവംബർ 3-ന് നടക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് റോജേഴ്സുമായാണ് എൽ-സയീദ് ഏറ്റുമുട്ടുന്നത്. നിലവിൽ ഡെമോക്രാറ്റുകളുടെ കൈവശമുള്ള ഈ സീറ്റ്, യുഎസ് കോൺഗ്രസിന്റെ ഭരണം ആർക്കെന്ന് നിശ്ചയിക്കുന്നതിൽ നിർണായക പങ്കുവഹിക്കും. യുഎസിൽ ജനിച്ച ഈജിപ്ഷ്യൻ വംശജനായ മുൻ പൊതുജനാരോഗ്യ ഉദ്യോഗസ്ഥൻ എൽ-സയീദ് വിജയിച്ചാൽ, യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മുസ്ലീം എന്ന ചരിത്രനേട്ടത്തിന് അദ്ദേഹം അർഹനാകും.

തനിക്ക് ഭീകര സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് എൽ-സയീദ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഡെമോക്രാറ്റുകൾ വിജയിച്ചാൽ രാജ്യം ജിഹാദികളുടെ കേന്ദ്രമാകുമെന്നും ക്രിസ്മസ് ആഘോഷിക്കാൻ പോലും കഴിയാത്ത സാഹചര്യം വരുമെന്നുമാണ് ട്രംപിന്റെ പ്രചാരണം. എൽ-സയീദിന്റെ കുടുംബാംഗങ്ങൾക്ക് നിരോധിത സംഘടനയായ ‘മുസ്ലീം ബ്രദർഹുഡു’മായി ബന്ധമുണ്ടെന്ന ആരോപണവും ട്രംപ് പക്ഷം ഉയർത്തുന്നുണ്ട്.

ട്രംപിന്റെ കടുത്ത അനുയായിയും ‘അറബ് അമേരിക്കൻസ് ഫോർ ട്രംപ്’ എന്ന കൂട്ടായ്മയുടെ സ്ഥാപകനുമായ ബിഷാര ബഹ്ബഹ് പോലും പ്രസിഡന്റിന്റെ പ്രസ്താവനകളെ തള്ളിപ്പറഞ്ഞു. ട്രംപിന്റെ വാക്കുകൾ വംശീയമാണെന്നും എല്ലാ പരിധികളും ലംഘിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ട്രംപിന്റെ പ്രസ്താവനകളെ വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗിൾ ന്യായീകരിച്ചു. എൽ-സയീദ് നികുതി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളാണെന്നും മിഷിഗണിലെ വാഹന വ്യവസായത്തെ തകർക്കാൻ ശ്രമിക്കുന്ന തീവ്രവാദിയാണെന്നും, അത്തരം വ്യക്തികളെ പ്രസിഡന്റ് തുടർന്നും തുറന്നുകാട്ടുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. കനത്ത പോരാട്ടം നടക്കുന്ന മിഷിഗണിൽ ഈ വിവാദം വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.

Trump’s ‘9/11 remark’ about El-Sayed: Sparks intense political controversy and protests in the US