ഐഡഹോ: അമേരിക്കയിലെ ഐഡഹോ സംസ്ഥാനത്തെ ട്വിൻ ഫാൾസിലുള്ള ഇൻ-എൻ-ഔട്ട് ബർഗർ റസ്റ്റോറന്റിന് സമീപം നടന്ന കൂട്ട വെടിവെപ്പിൽ ആക്രമിയുൾപ്പെടെ നാല് പേർ മരിച്ചു. ആക്രമണം നടത്തിയ 24-കാരനായ ചാഡ് വില്യംസ് സ്വയം വെടിവെച്ച് ജീവനൊടുക്കിയതായി ട്വിൻ ഫാൾസ് പൊലീസ് സ്ഥിരീകരിച്ചു.ശനിയാഴ്ച ഉച്ചയ്ക്ക് 2.29-ഓടെയാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും ആക്രമിയെ ഉൾപ്പെടെ ആകെ നാല് പേരാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.
വെടിവെപ്പിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. മൂന്ന് പേർ സ്ഥിരതയുള്ള നിലയിലാണെന്നും രണ്ട് പേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.സംഭവത്തിനിടെ ഡ്യൂട്ടിക്ക് പുറത്തായിരുന്ന ഒരു സ്റ്റേറ്റ് ട്രൂപ്പറും ഒരു സാധാരണ പൗരനും ആക്രമിക്ക് നേരെ തിരിച്ചും വെടിയുതിർക്കുകയായിരുന്നു. ഇവരുടെ ധീരമായ ഇടപെടലാണ് ആക്രമിയെ സംഭവസ്ഥലത്ത് നിന്ന് പിന്തിരിപ്പിക്കാനും കൂടുതൽ പേർക്ക് ജീവൻ നഷ്‌ടമാകുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു.
AR മാതൃകയിലുള്ള റൈഫിളുമായാണ് ചാഡ് വില്യംസ് റസ്റ്റോറന്റിൽ കയറി വെടിയുതിർക്കാൻ തുടങ്ങിയത്. തുടർന്ന് പാർക്കിങ് ഏരിയയിലേക്കും ആക്രമണം വ്യാപിച്ചതോടെ പ്രദേശത്ത് പരിഭ്രാന്തി പടർന്നു. അതേസമയം, ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന്റെ പ്രേരണ കണ്ടെത്താൻ തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ആക്രമി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും കുടുംബം അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വെടിവെപ്പിൽ ഇൻ-എൻ-ഔട്ട് ബർഗറിലെ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടതായി കമ്പനിയുടെ പ്രസിഡന്റ് ലിൻസി സ്നൈഡർ സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ പ്രാദേശിക ടാക്സി ഡ്രൈവറായ ടെറി ഡഡ്ലിയും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ നില ഗുരുതരമല്ലെങ്കിലും ദീർഘകാല ചികിത്സ ആവശ്യമായി വരുമെന്ന് കുടുംബം അറിയിച്ചു.
Mass shooting in Idaho, USA; four dead, attacker committed suicide.










