ഇറാൻ്റെ ഭീഷണി; ബ്രിട്ടനിലെ യുഎസ് വ്യോമത്താവളത്തിൽ നിന്ന് വിമാനങ്ങൾ മാറ്റി

ലണ്ടൻ: ഇറാനിൽനിന്നുള്ള ഭീഷണിയെ തുടർന്ന് ബ്രിട്ടനിലെ യുഎസ് വ്യോമതാവളമായ റോയൽ എയർ ഫോഴ്‌സ് (RAF) മിൽഡൻഹാളിൽനിന്ന് അമേരിക്കൻ സൈനിക വിമാനങ്ങൾ മാറ്റിയതായി റിപ്പോർട്ട്. രണ്ട് ഇന്ധനം നിറയ്ക്കൽ വിമാനങ്ങൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ ജർമനിയിലേക്കും മറ്റ് കേന്ദ്രങ്ങളിലേക്കുമാണ് മാറ്റിയത്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും ചർച്ചകൾ നടത്തുന്നതിനിടെയാണ് നീക്കം.

വ്യോമതാവളത്തിന് നേരെയുള്ള ഭീഷണിയുടെ സ്വഭാവവും ആക്രമണസാധ്യതയും അമേരിക്കൻ ഉദ്യോഗസ്ഥർ വിലയിരുത്തിവരികയാണെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാനിൽനിന്നുള്ള ഭീഷണികളെക്കുറിച്ച് യുഎസ് കോൺഗ്രസിലെ ഉന്നത നേതാക്കൾക്കും രഹസ്യാന്വേഷണ വിഭാഗം വിശദീകരണം നൽകിയിട്ടുണ്ട്. ഭീഷണിയുള്ള മേഖലകളിൽനിന്ന് ആളുകളെ മാറ്റിയാണ് സാഹചര്യം നേരിട്ടതെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.

ബ്രിട്ടനിലെ യുഎസ് താവളങ്ങളിൽനിന്ന് വിമാനങ്ങൾ പിൻവലിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലേക്ക് തിരിച്ചയച്ചിരുന്നു. അമേരിക്ക ഇറാനെ ആക്രമിച്ചാൽ ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ച സമയത്തേക്കാൾ ഇറാൻ സൈന്യം ഇപ്പോൾ ശക്തമാണെന്ന് സൈനിക വക്താവ് മുഹമ്മദ് അക്രാമിനിയ നവംബർ ഏഴിന് പറഞ്ഞു.

അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെയും സർക്കാർ പ്രതിനിധികളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങൾ വർധിച്ചതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയെന്ന് കഴിഞ്ഞ മാസം ആക്സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു. ചില ആക്രമണപദ്ധതികൾ അവസാനഘട്ടത്തിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ട്രംപ് തിങ്കളാഴ്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ഇറാനുമായുള്ള യുദ്ധം സൈനികമായി ഫലത്തിൽ അവസാനിച്ചുവെന്നാണ് തന്റെ വിലയിരുത്തലെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, ആവശ്യമെങ്കിൽ വീണ്ടും ആക്രമണം നടത്താൻ അമേരിക്ക സജ്ജമാണെന്നും മുന്നറിയിപ്പ് നൽകി.

ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇതിനിടെ, ഖത്തർ വഴി അമേരിക്കയ്ക്ക് ഏഴ് നിബന്ധനകളടങ്ങിയ ആണവകരാർ നിർദേശം ഇറാൻ കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. അമേരിക്ക വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി ആരോപിച്ചു. സാങ്കൽപ്പിക ചർച്ചകളെക്കുറിച്ചുള്ള വാർത്തകൾ അവസാനിപ്പിച്ച് ഇറാന്റെ ഏഴ് നിബന്ധനകൾ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

US aircraft evacuated from UK’s RAF Mildenhall base amid threat from Iran: Report

More Stories from this section

family-dental
witywide