എംബാപ്പെ കരുത്തിൽ ഫ്രാൻസിന് വിജയത്തുടക്കം; തകർന്നത് ഇതിഹാസങ്ങളുടെ റെക്കോർഡുകൾ

ന്യൂജേഴ്‌സി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസിന് മിന്നും വിജയത്തുടക്കം. നായകൻ കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ പ്രകടനമാണ് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഫ്രഞ്ചുപടയ്ക്ക് തുണയായത്. മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതോടെ അന്താരാഷ്ട്ര ഫുട്ബോളിലും ലോകകപ്പിലും ഒട്ടനവധി ചരിത്ര റെക്കോർഡുകളും എംബാപ്പെ തൻ്റെ പേരിൽ കുറിച്ചു.

ആദ്യ പകുതിയിൽ ഫ്രാൻസിനെ ഞെട്ടിക്കുന്ന പ്രകടനമാണ് സെനഗൽ കാഴ്ചവെച്ചത്. എന്നാൽ രണ്ടാം പകുതിയിൽ കളി മാറ്റിമറിച്ച ഫ്രാൻസ് 66-ാം മിനിറ്റിൽ എംബാപ്പെയുടെ ഗോളിലൂടെ മുന്നിലെത്തി. 82-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‌ലി ബാർക്കോല ഫ്രാൻസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ഇഞ്ചുറി ടൈമിൻ്റെ 95-ാം മിനിറ്റിൽ ഇബ്രാഹിം എംബായെയിലൂടെ സെനഗൽ ഒരു ഗോൾ മടക്കിയെങ്കിലും, തൊട്ടടുത്ത മിനിറ്റിൽ 30 വാര അകലെ നിന്ന് തൊടുത്ത വെടിയുണ്ട പോലുള്ള ലോങ് റേഞ്ചറിലൂടെ എംബാപ്പെ ഫ്രാൻസിൻ്റെ വിജയമുറപ്പിച്ചു.

ഈ മത്സരത്തോടെ 58 അന്താരാഷ്ട്ര ഗോളുകൾ പൂർത്തിയാക്കിയ എംബാപ്പെ, ഒലിവർ ജിറൂഡിനെ (57 ഗോളുകൾ) മറികടന്ന് ഫ്രാൻസിൻ്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറി. കൂടാതെ, ലോകകപ്പിലെ തൻ്റെ ആകെ ഗോളുകളുടെ എണ്ണം 14 ആക്കി ഉയർത്തിയ താരം ലയണൽ മെസ്സി (13), പെലെ (12) എന്നിവരുടെ ലോകകപ്പ് ഗോൾ റെക്കോർഡുകളും തകർത്തു. നിലവിൽ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) സർവകാല റെക്കോർഡിന് തൊട്ടരികിലാണ് എംബാപ്പെ.

Mbappe powers France to victory; Legendary records broken

More Stories from this section

family-dental
witywide